ഹൈദരാബാദ്: തെലങ്കാനയിൽ 'ലോക സുന്ദരി" (മിസ് വേൾഡ്) മത്സരാർത്ഥികളുടെ കാലുകൾ തദ്ദേശീയരായ പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ കഴുകിത്തുടച്ചത് വൻ വിവാദത്തിൽ. മത്സരാർത്ഥികൾ ചരിത്രപ്രസിദ്ധമായ മുളുഗു രാമപ്പ ക്ഷേത്രം സന്ദർശിക്കുന്നതിനിടെയാണ് കാൽ കഴുകിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധം ആളിപ്പടർന്നു. ക്ഷേത്രത്തിനു സമീപം പ്രത്യേക സ്ഥലത്ത് മത്സരാർത്ഥികൾ ഇരിക്കുന്നു. അവരുടെ പാദങ്ങൾ തിളക്കമുള്ള തളികയിൽ വച്ച് സ്ത്രീകൾ കഴുകി തുടയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതോടെ തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി, ബി.ആർ.എസ് പാർട്ടികൾ രംഗത്തെത്തി. ദളിത്, പിന്നാക്കക്കാരെയാണ് കഴുകാൻ നിയോഗിച്ചതെന്ന് അവർ ആരോപിച്ചു.
വിദേശീയരുടെ കാലുകൾ കഴുകിയത് 'കൊളോണിയൽ ഹാങ്ഓവർ" കൊണ്ടാണെന്ന് സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ വിമർശനമുയർന്നു. എന്നാൽ ഇന്ത്യൻ പാരമ്പര്യമനുസരിച്ചുള്ള സ്വാഗതം ചെയ്യൽ മാത്രമാണുണ്ടാതെന്നാണ് സംഘാടകരുടെ വിശദീകരണം.
ഈ മാസം 10നാണ് ഹൈദരാബാദിൽ 72-ാമത് മിസ് വേൾഡ് മത്സരം ആരംഭിച്ചത്. 31നാണ് ഗ്രാൻഡ് ഫിനാലെ. ഇതിനുമുന്നോടിയായാണ് സാംസ്‌കാരിക സന്ദർശന പരിപാടിയുടെ ഭാഗമായി യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ച രാമപ്പ ക്ഷേത്രവും വാറങ്കലിലെ ആയിരം തൂൺ ക്ഷേത്രവും മത്സരാർത്ഥികൾ സന്ദർശിച്ചത്.
കോൺഗ്രസ് മുഖ്യമന്ത്രിക്ക് ബോധം നഷ്ടപ്പെട്ടു. തെലങ്കാനയുടെ ആത്മാഭിമാനത്തെ ആഴത്തിൽ വ്രണപ്പെടുത്തുന്ന സംഭവം
-കെ.ടി രാമറാവു,
ബി.ആർ.എസ്
ഇന്ത്യക്കാരെ വിദേശികൾക്ക് മുന്നിൽ മുട്ടുകുത്തിക്കുന്ന പാരമ്പര്യം തുടരുകയാണ് കോൺഗ്രസ്.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്റെ പാർട്ടി ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിൽ സ്ത്രീകളുടെ അന്തസും ആത്മാഭിമാനവും ചവിട്ടിമെതിച്ചു
-ജി. കിഷൻ റെഡ്ഡി,
കേന്ദ്രമന്ത്രി,
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
രുദ്രമാദേവി, സമ്മക്ക, സരളക്ക തുടങ്ങിയ മേഖലയിലെ ശക്തരായ സ്ത്രീകളുടെ പാരമ്പര്യത്തെ അപമാനിക്കുന്ന പ്രവൃത്തി. തെലങ്കാനയെ അപമാനിച്ചു. ആഗോളതലത്തിൽ ഇന്ത്യൻ സ്ത്രീകളുടെ പ്രതിച്ഛായ കളങ്കപ്പെടുത്തി.
-സബിത ഇന്ദ്ര റെഡ്ഡി,
മുൻമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |