വിവരം പുറത്തുവിട്ട തൊഴിലാളി
നേരത്തെ ക്രൂരമർദ്ദനത്തിനിരയായി
മുതലമട: ആദിവാസിയെ റിസോർട്ടിലെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട് പട്ടണിക്കിട്ട് മർദ്ദിച്ച കേസിൽ പ്രതിയും റിസോർട്ട് ഉടമയുടെ മാതാവുമായ രംഗനായകിയെ (70) പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് എസ്.സി.എസ്.ടി കോടതി ഇവരെ റിമാൻഡ് ചെയ്തു. പ്രധാന പ്രതി വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ മുതലമട ഇടുക്കുപ്പാറ ഊർകളംകാട്ടിൽ എ.പ്രഭുവിനു വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. മുതലമട മൂച്ചൻകുണ്ട് ചമ്പക്കുഴിയിൽ കറുപ്പന്റെ മകൻ വെള്ളയ്യനെയാണ് ( 54 ) കൂരമായി മർദ്ദിച്ച് മുറിയിൽ പൂട്ടി ആറ് ദിവസം പട്ടണിക്കിട്ടത്. സഹജീവനക്കാരൻ തിരുനാവക്കു അരസനാണ് പുറംലോകത്തെ അറിയിച്ചത്. പിന്നാലെ റിസോർട്ട് ഉടമയെ പേടിച്ച് ഒളിവിൽ കഴിയുകയായിരുന്ന തഞ്ചാവൂർ സ്വദേശി തിരുനാവുക്കു അരസനെ (54) ഇന്നലെ മൂച്ചൻകുണ്ട് അമ്പലത്തിൽ കണ്ടെത്തി. ചിറ്റൂർ ഡിവൈ.എസ്.പി പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് രംഗനായകിയെ അറസ്റ്റ് ചെയ്തതും തിരുനാവുക്കു അരസനെ കണ്ടെത്തിയതും. മാസങ്ങൾക്കു മുമ്പ് തർക്കത്തെ തുടർന്ന് പ്രഭു തന്റെ കണ്ണ് അടിച്ചു പൊട്ടിക്കുകയും ഒമ്പത് ദിവസം ക്രൂരമായി മർദ്ദിച്ചു പട്ടിണിക്കിട്ടതായും അരസൻ വെളിപ്പെടുത്തി. തെങ്ങിൻ ചുവട്ടിൽ സൂക്ഷിച്ചിരുന്ന കുപ്പിമദ്യം എടുത്ത് കുടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ ഞായറാഴ്ച പ്രഭു വെള്ളയ്യനെ പണിതീരാത്ത കെട്ടിടത്തിൽ തടവിലാക്കിയത്. പേടി മൂലം അരസൻ പുറത്ത് അറിയിച്ചില്ല. വെള്ളയ്യന്റെ ആരോഗ്യസ്ഥിതി ഗുരുതരമായത് കണ്ട് കഴിഞ്ഞ ദിവസം ദളിത് നേതാവായ ശിവരാജനെ അറിയിക്കുകയായിരുന്നു. ശിവരാജന്റെയും മുതലമട മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കല്പന ദേവിയുടെയും നേതൃത്വത്തിൽ നാട്ടുകാരും കൊല്ലങ്കോട് പൊലീസും എത്തി വാതിൽ തകർത്താണ് രക്ഷപ്പെടുത്തിയത്. പ്രഭുവിന്റെയും രംഗനായകിയുടെയും പേരിൽ ലഹരി കടത്ത് ഉൾപ്പെടെ കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |