2025 ലെ നീറ്റ് മെഡിക്കൽ പി.ജി പരീക്ഷയ്ക്ക് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) അപേക്ഷ ക്ഷണിച്ചു. മെയ് ഏഴു വരെ അപേക്ഷിക്കാം. എം.ബി.ബി.എസ് പൂർത്തിയാക്കിയവർക്കും, 2024 ജൂലൈ 31നകം ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. രാജ്യത്തെ സർക്കാർ, സ്വാശ്രയ, ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എം.ഡി/ എം.എസ്/ ഡി.എൻ.ബി പ്രോഗ്രാമുകൾക്ക് പ്രവേശനം നീറ്റ് പിജി റാങ്ക്ലിസ്റ്റിൽ നിന്നാണ്. ജൂൺ 15 നാണു പരീക്ഷ. ഒബ്ജക്റ്റീവ് മാതൃകയിലുള്ള 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. നെഗറ്റീവ് മാർകിംഗ് രീതി നിലവിലുണ്ട്. മൊത്തം 800 മാർക്കാണ്. മൂന്ന് ലക്ഷത്തോളം മെഡിക്കൽ ബിരുദധാരികളെഴുതുന്ന പ്രധാനപ്പെട്ട മത്സര പരീക്ഷയാണിത്. ജൂലൈ 15 നകം റിസൾട്ട് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് മാസത്തിൽ കൗൺസിലിംഗ് പ്രക്രിയ ആരംഭിക്കും. www.
വിജയമന്ത്രങ്ങൾ
നീറ്റ് യു.ജി പരീക്ഷയെഴുതി മെഡിക്കൽ ബിരുദം നേടിയ അപേക്ഷകർ, നീറ്റ് പി.ജിയിൽ മികച്ച സ്കോർ നേടാൻ ചിട്ടയോടെ അവസാന ആഴ്ചകളിലേക്കുള്ള പരീക്ഷാ തയ്യാറെടുപ്പ് തന്ത്രം ആവിഷ്കരിച്ചു നടപ്പിലാക്കണം. സിലബസ്, മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ, മാതൃക ചോദ്യങ്ങൾ എന്നിവ നിർബന്ധമായും വിലയിരുത്തി ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. പരീക്ഷയ്ക്ക് നീറ്റ് പി.ജി വിജയകരമായി പൂർത്തിയാക്കാനുള്ള രണ്ടു മാസത്തെ വിജയതന്ത്രമാണിത്.
ഒരു ടൈം ടേബിൾ തയ്യാറാക്കാൻ ശ്രമിക്കുക- റിവിഷന് ഇത് ഉപയോഗപ്രദമാകും. മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള ഒബ്ജക്റ്റീവ് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള കഴിവുകൾ നേടാൻ ശ്രമിക്കണം. പരീക്ഷയ്‌ക്ക് ഒരാഴ്‌ച മുമ്പ്,അവസാന റിവിഷനായി കൂടുതൽ സമയം നീക്കിവെക്കാൻ എപ്പോഴും ശ്രമിക്കേണ്ടതാണ്.
പരിഷ്കരിച്ച 2025 ലെ നീറ്റ് പി.ജി നാറ്റ് ബോർഡിന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുക. ആപ്പുകൾ ഉപയോഗിച്ചു തയ്യാറെടുക്കുന്നവർ സിലബസ്, ചോദ്യക്രമം എന്നിവ മനസ്സിലാക്കിയിരിക്കണം.
കഴിഞ്ഞ അഞ്ച് വർഷത്തെ നീറ്റ് പി.ജി ചോദ്യങ്ങൾ ശേഖരിച്ചു ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുക.പരമാവധി മോക്ക് ടെസ്റ്റുകൾ ചെയ്യണം.
ടൈം മാനേജ്മെന്റിനായി പരിശീലിക്കുക-സാധാരണയായി പരീക്ഷ കഴിഞ്ഞാൽ സമയക്കുറവിനെകുറിച്ച് പരാതി പറയാറുണ്ട്. അത് ആവർത്തിക്കാനിടവരരുത്.
വിദ്യാർത്ഥികൾക്ക് അവരുടെ അറിവില്ലായ്മയോ അശ്രദ്ധയോ കാരണം പരീക്ഷാ സമയത്ത് തെറ്റുകൾ സംഭവിക്കാറുണ്ട്. പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ ഒരു തെറ്റ് പുസ്തകം സൂക്ഷിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. പൊതുവായ എല്ലാ തെറ്റുകളും തിരുത്തി തെറ്റ് പുസ്തകത്തിൽ രേഖപ്പെടുത്താൻ ശ്രമിക്കുക. റിവിഷൻ ചെയ്യുമ്പോൾ റെഡി റെക്കണറായി ഇത് ഉപയോഗിക്കാം.
ദിവസേന കുറഞ്ഞത് ആറ് മണിക്കൂർ ഉറങ്ങാൻ ശ്രമിക്കണം. ശീതീകരിച്ചതോ തണുത്തതോ ആയ ഭക്ഷണ വസ്തുക്കളോ ശീതളപാനീയങ്ങളോ എപ്പോഴും ഒഴിവാക്കണം. കടുത്ത വേനലായതിനാൽ യഥേഷ്ടം വെള്ളം കുടിക്കണം.സസ്യേതര,അധികം എരിവുള്ള ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണം..
പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ, എല്ലായ്പ്പോഴും വ്യക്തമായ ലക്ഷ്യങ്ങൾ വെക്കുക. അതിൻറെ അടിസ്ഥാനത്തിൽ പഠന ടൈംടേബിളും റിവിഷൻ തന്ത്രങ്ങളും രൂപപ്പെടുത്തി തയ്യാറെടുക്കണം.
അനാവശ്യ സമ്മർദ്ദങ്ങളും ഉത്കണ്ഠകളും ഒഴിവാക്കാൻ എപ്പോഴും ശ്രമിക്കുക.അനാവശ്യ സമ്മർദ്ദം ഉണ്ടാക്കാൻ രക്ഷിതാക്കൾ ശ്രമിക്കരുത്.
പരീക്ഷാക്കാലത്തു മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കണം. പഠിക്കുമ്പോൾ ഓരോ മണിക്കൂറിനുശേഷം 10 മിനുട്ട് ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. ഇടയ്ക്ക് പത്രം വായിക്കാനും ടി.വി കാണാനും സമയം ചെലവഴിക്കാം. ചിട്ടയോടെയുള്ള പഠനം, പ്ലാനിംഗ്, ദിനചര്യകൾ, ഭക്ഷണക്രമം, ഉറക്കം എന്നിവ മികച്ച വിജയമന്ത്രങ്ങളാണ്.അത്യാവശ്യ ഘട്ടങ്ങൾ അദ്ധ്യാപകരുമായും, സഹപാഠികളുമായും സംശയം പങ്കിടാൻ മറക്കരുത്.വിശ്വാസമുള്ളവർ ക്ഷേത്രങ്ങളിലും, പള്ളികളിലും പോകുന്നത് ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും.ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെഴുതുന്നത് വിജയം സുനിശ്ചിതമാക്കും.
ടെൻഷനില്ലാതെ പരീക്ഷയെഴുതുമെന്ന ആത്മവിശ്വാസം എല്ലാ വിദ്യാർത്ഥികൾക്കുമുണ്ടാകണം.അതിനുള്ള തീരുമാനവുമെടുക്കണം. ഏകാഗ്രതയോടെ മനസ്സിരുത്തി പഠിക്കണം.
പരീക്ഷയുടെ മുന്നൊരുക്കങ്ങളിൽ വിദ്യാർത്ഥിയോടൊപ്പം, രക്ഷിതാക്കളും ഏറെ ശ്രദ്ധിക്കേണ്ടതാണ്. ചില രക്ഷിതാക്കളുടെ അകാരണമായ മാനസിക സംഘർഷം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാറുണ്ട്.പഠനം, ഭക്ഷണം, ഉറക്കം എന്നിവ പരീക്ഷ മുന്നൊരുക്കങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.
ടെൻഷൻ ഒഴിവാക്കാൻ ഇടയ്ക്കിടെ വ്യായാമം ചെയ്യുന്നതും, പാട്ടു കേൾക്കുന്നതും, ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്നതും നല്ലതാണ്. ഈ സമയത്തു മറ്റുള്ള സുഹൃത്തുക്കളോട് സംസാരിക്കുന്നത് നല്ലതാണ്. മറ്റുള്ളവരെ താരതമ്യം ചെയ്തുള്ള പഠനം ഒഴിവാക്കണം. പരീക്ഷയ്ക്ക് വേണ്ടി ദീർഘ നേരം പഠിക്കുമ്പോൾ ഇടയ്ക്കു കാപ്പിയോ, ചായയോ കുടിക്കുന്നത് നല്ലതാണ് .
പഠിക്കുമ്പോൾ ഷോർട് നോട്ട്സ് തയ്യാറക്കിയീട്ടുണ്ടെങ്കിൽ റിവിഷൻ സമയത്തു കൂടുതൽ ഉപകാരപ്പെടും. പ്രധാനപ്പെട്ട ഭാഗങ്ങൾ ടെക്സ്റ്റ് ബുക്കിൽ മാർക്ക് ചെയ്ത ബുക്ക് മാർക്ക് വെക്കുന്നത് എളുപ്പത്തിൽ പഠിക്കാൻ സഹായിക്കും. നോട്ട് ബുക്കിൽ കളർ പേന ഉപയോഗിച്ച് പ്രധാനപ്പെട്ട ഭാഗങ്ങൾ മാർക്ക് ചെയ്യുന്നത് ഏറെ ഉപകാരപ്രദമായിരിക്കും. എങ്ങിനെ പഠിക്കുന്നു? എന്നതും ഏറെ പ്രാധാന്യമർഹിക്കും. നന്നായി കാറ്റും വെളിച്ചവും ലഭിക്കുന്ന പഠന സ്ഥലം തിരഞ്ഞെടുക്കണം.
അനാവശ്യമായി ടെൻഷനടിച്ചു പരീക്ഷയെഴുതുന്നത് മാർക്ക് കുറയ്ക്കാനേ ഇടവരുത്തൂ! അതിനാൽ സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കണം. പോസിറ്റീവ് മനോഭാവത്തോടെ പരീക്ഷയെഴുതുന്നത് വിജയം സുനിശ്ചിതമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |