2025ലെ നീറ്റ് മെഡിക്കൽ പി.ജി പരീക്ഷ ആഗസ്റ്റ് മൂന്നിന് ഒരു ഷിഫ്റ്റായി രാവിലെ 9മുതൽ 12.30വരെ നടക്കും. നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസാണ് (NBEMS) പരീക്ഷ നടത്തുന്നത്. ഹാൾടിക്കറ്റ് ജൂലായ് 31ന് പ്രസിദ്ധീകരിക്കും.
രാജ്യത്തെ സർക്കാർ, സ്വാശ്രയ, ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എം.ഡി/എം.എസ്/ഡി.എൻ.ബി പ്രോഗ്രാം പ്രവേശനം നീറ്റ് പി.ജി റാങ്ക് ലിസ്റ്റിൽ നിന്നാണ്. കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് മാതൃകയിലുള്ള 200 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. നെഗറ്റീവ് മാർക്കിംഗ് രീതിയുണ്ട്. മൊത്തം 800 മാർക്കാണ്. മൂന്ന് ലക്ഷത്തോളം മെഡിക്കൽ ബിരുദധാരികളാണ് പരീക്ഷ എഴുതുന്നത്. സെപ്റ്റംബർ മൂന്നിനകം ഫലം പ്രസിദ്ധീകരിക്കും. സെപ്റ്റംബറിൽ കൗൺസിലിംഗ് പ്രക്രിയയാരംഭിക്കും. www.
ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം
നീറ്റ് പി.ജിയിൽ മികച്ച സ്‌കോർ നേടാൻ ചിട്ടയോടെ അവസാന ആഴ്ചകളിലേക്കുള്ള പരീക്ഷാ തയ്യാറെടുപ്പ് തന്ത്രം നടപ്പിലാക്കണം. സിലബസ്, മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ, മാതൃക ചോദ്യങ്ങൾ എന്നിവ നിർബന്ധമായും വിലയിരുത്തി ഉത്തരം കണ്ടെത്താൻ ശ്രമിക്കണം.
* നാറ്റ് ബോർഡിന്റെ വെബ്‌സൈറ്റിൽ നിന്നും 2025ലെ പരിഷ്‌കരിച്ച നീറ്റ് പി.ജി സിലബസ് ഡൗൺലോഡ് ചെയ്ത് മനസിലാക്കുക.
* മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള കഴിവ് നേടാൻ ശ്രമിക്കണം.
* കഴിഞ്ഞ അഞ്ച് വർഷത്തെ ചോദ്യങ്ങൾ ശേഖരിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുക. പരമാവധി മോക്ക് ടെസ്റ്റുകൾ ചെയ്യണം.
* ടൈം മാനേജ്‌മെന്റിനായി പരിശീലിക്കുക. സാധാരണയായി പരീക്ഷ കഴിഞ്ഞാൽ സമയക്കുറവിനെകുറിച്ച് പരാതി പറയാറുണ്ട്. അത് ആവർത്തിക്കാനിടവരരുത്.
* അനാവശ്യ സമ്മർദ്ദങ്ങളും ഉത്കണ്ഠകളും ഒഴിവാക്കാൻ ശ്രമിക്കുക. അനാവശ്യ സമ്മർദ്ദം ഉണ്ടാക്കാൻ രക്ഷിതാക്കളും ശ്രമിക്കരുത്.
* പരീക്ഷാക്കാലത്ത് മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കണം.
* അത്യാവശ്യ ഘട്ടങ്ങളിൽ അദ്ധ്യാപകരുമായും സഹപാഠികളുമായും സംശയം പങ്കിടാൻ മറക്കരുത്. വിശ്വാസമുള്ളവർ ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നത് ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും.
* ടെൻഷൻ ഒഴിവാക്കാൻ ഇടയ്ക്കിടെ വ്യായാമം ചെയ്യുന്നതും പാട്ടുകേൾക്കുന്നതും ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്നതും നല്ലതാണ്. ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കണം. പോസിറ്റീവ് മനോഭാവത്തോടെ പരീക്ഷയെഴുതുന്നത് വിജയം സുനിശ്ചിതമാക്കും.
കേരള കേന്ദ്ര സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാം
കാസർകോട്: കാസർകോട് പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ 2025-26 അദ്ധ്യയന വർഷത്തെ നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാമിന് (ഐ ടെപ്) രജിസ്ട്രേഷൻ ആരംഭിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തിയ നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റിൽ (എൻ.സി.ഇ.ടി) പങ്കെടുത്തവർക്ക്www.cukerala.ac.in
സന്ദർശിച്ച് 31 വരെ രജിസ്റ്റർ ചെയ്യാം. ബി.എസ്സി ബിഎഡ് (ഫിസിക്സ്), ബി.എസ്സി ബിഎഡ് (സുവോളജി), ബിഎ ബി.എഡ് (ഇംഗ്ലീഷ്), ബിഎ ബി.എഡ് (ഇക്കണോമിക്സ്), ബികോം ബി.എഡ് പ്രോഗ്രാമുകളാണ് സർവകലാശാലയിലുള്ളത്. ബി.കോം ബി.എഡ്ഡിന് 50, മറ്റുള്ളവയ്ക്ക് 25 വീതം സീറ്റുകളാണുള്ളത്.
ജനറൽ, ഒ.ബി.സി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ആഗസ്റ്റ് ആറിന് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏഴിന് admissions@cukerala.ac.in ൽ പരാതികൾ അറിയിക്കാം. ആദ്യഘട്ട പ്രവേശനം ആഗസ്റ്റ് എട്ട് മുതൽ 11 വരെയും രണ്ടാം ഘട്ടം 12 മുതൽ 15 വരെയും മൂന്നാം ഘട്ടം 18 മുതൽ 20 വരെയും നടക്കും. ആഗസ്റ്റ് 25 മുതൽ ക്ലാസ്സുകൾ ആരംഭിക്കും. ഹെൽപ്പ്ലൈൻ: 0467 2309460/2309467
ഓർമിക്കാൻ...
ഐസർ അഡ്മിഷൻ:- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യുക്കേഷൻ & റിസർച്ച് (IISER) പ്രവേശനത്തിന്റെ ഒന്നാം ഘട്ട അഡ്മിഷൻ പ്രക്രിയ ആരംഭിച്ചു. 26-ന് വൈകിട്ട് 5-ന് മുമ്പ് ഫീസ് അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വെബ്സൈറ്റ്: https://www.iiseradmission.in/
യു.ജി.സി നെറ്റ് ഫലം
യു.ജി.സി നെറ്റ് ജൂൺ 2025 ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു. ugcnet.nta. ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |