ദേശീയ മെഡിക്കൽ ബിരുദ പ്രവേശനപരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- നീറ്റ് യുജി പരീക്ഷ മേയ് നാലിന്. മാർച്ച് 7 വരെ www.nta.neet.ac.in വഴി അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്.
പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി /ബയോടെക്‌നോളജി 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും, പ്ലസ് ടു അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽ പെട്ടവർക്ക് 40 ശതമാനം മാർക്ക് മതി. അപേക്ഷകർ 17 വയസ് പൂർത്തിയായവരാകണം
സിലബസ്
......................
ഇത്തവണത്തെ സിലബസിൽ നാഷണൽ മെഡിക്കൽ കമ്മിഷൻ (www.nmc.org.in ) ചില ഭാഗങ്ങളിൽ കുറവ് വരുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും സിലബസ് മാറ്റം വെബ്സൈറ്റ് നോക്കി വ്യക്തമായി മനസിലാക്കണം. ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയിൽ നിന്ന് 45 വീതം മൊത്തം 180 ചോദ്യങ്ങളുണ്ടാകും. ഓരോ ചോദ്യത്തിനും നാലു മാർക്ക് വീതം മൊത്തം 720 മാർക്കിലാണ് പരീക്ഷ. ബയോളജിയാണ് നീറ്റിലെ വിജയം നിർണ്ണയിക്കുന്നത്. 50 ശതമാനം ചോദ്യങ്ങളും ബയോളജിയിൽ നിന്നാണ്.
എല്ലാ ചോദ്യങ്ങളും ഒബ്‌ജക്ടീവ് മൾട്ടിപ്പിൽ ചോയ്‌സ് മാതൃകയിലാണ്. നെഗറ്റീവ് മാർക്കിംഗ് നിലവിലുണ്ട്. 2024 വരെ ബി സെക്ഷനിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ചോയ്‌സുണ്ടായിരുന്നു. എന്നാൽ ഈ വർഷം ചോയ്‌സ് ഉണ്ടാകില്ല.
മുൻ വർഷങ്ങളിൽ നടത്തിയതുപോലെ ഒ.എം.ആർ അടിസ്ഥാനത്തിലാണ് പരീക്ഷ.
കോഴ്സുകൾ
...........................
എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ, ഹോമിയോ, സിദ്ധ, BSc Nursing(Under Military nursing Schools, Armed forces medical services & some of the Central Universities), യുനാനി, കാർഷിക, വെറ്ററിനറി, ഫിഷറീസ്, മറ്റുകാർഷിക കോഴ്‌സുകൾക്കും നീറ്റ് യുജി സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കേരളത്തിലെ കോളേജുകളിൽ പ്രവേശനം നേടാൻ നീറ്റിന് അപേക്ഷിക്കുന്നവർ സംസ്ഥാന പ്രവേശനപരീക്ഷ കമ്മിഷണറുടെ കീം വെബ്‌സൈറ്റ് www.cee.kerala.gov.in വഴിയും അപേക്ഷിക്കണം. ഇതിനുള്ള നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും.
അപേക്ഷാ ഫീസ്
..............................
പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 1700 രൂപയാണ് അപേക്ഷ ഫീസ്. ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെട്ടവർക്ക് 1600, പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് 1000 രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ്. വിദേശ രാജ്യത്തു പഠിക്കുന്നവർക്ക് 9500 രൂപയാണ് ഫീസ്.
തുടക്കത്തിൽ യൂസർ നെയിം, പാസ്‌വേർഡ് (PIN )എന്നിവ സൃഷ്ടിച്ച് അപേക്ഷിക്കാം. ഫോട്ടോ, ഒപ്പ് എന്നിവ നിശ്ചിത വലിപ്പത്തിൽ അപ്‌ലോഡ് ചെയ്യണം.
23 ലക്ഷത്തിലധികം വിദ്യാർത്ഥികളെഴുതുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷയാണിത്. ചിട്ടയോടെ തയ്യാറെടുക്കണം. പ്ലസ് ടു ബോർഡ് പരീക്ഷ കഴിയുന്നത്തോടെ ഒന്നരമാസത്തെ തയ്യാറെടുപ്പിന് സമയം ലഭിക്കും.
പരീക്ഷ റിപ്പീറ്റ് ചെയ്യുന്നവർ മൂന്നിലൊന്നോളം വരും. മുൻ വർഷത്തെ ചോദ്യങ്ങൾ, സിലബസ് എന്നിവ വിലയിരുത്തി പഠിക്കണം. പരമാവധി മോക്ക് ടെസ്റ്റുകൾ ചെയ്യണം. ടൈം മാനേജ്‌മെന്റിൽ ശ്രദ്ധിക്കണം. 2025ൽ 10000 മെഡിക്കൽ സീറ്റുകൾ അധികമായി വരുന്നതോടെ മൊത്തം ഒന്നേകാൽ ലക്ഷത്തോളം എം.ബി.ബി.എസ് സീറ്റുകളുണ്ടാകും.
നീറ്റ് യു.ജി ടൈ ബ്രേക്ക് നയത്തിൽ മാറ്റം
.......................................
നീറ്റ് പരീക്ഷയിൽ രണ്ടോ അതിലധികമോ പേർക്ക് ഒരേ സ്കോർ വന്നാൽ മുൻഗണനക്കാരെ തിരഞ്ഞെടുക്കുന്ന നയം (tie breaking policy) നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരിഷ്കരിച്ചു. മാറ്റങ്ങൾ ചുവടെ:
* ബയോളജി മാർക്ക്: ഓവറോൾ ഒരേ സ്കോർ വന്നാൽ, ബയോളജിക്ക് കൂടുതൽ സ്കോർ നേടിയവർക്ക് മുൻഗണന.
* ബയോളജിയിലും ഒരേ മാർക്കെങ്കിൽ കെമിസ്ട്രിക്ക് കൂടുതൽ സ്കോർ ലഭിച്ചയാൾക്ക് മുൻഗണന.
* വീണ്ടും ഒരേനില തുടർന്നാൽ ഫിസിക്സിന് കൂടുതൽ സ്കോർ ലഭിച്ചയാൾക്ക് മുൻഗണന.
* തുടർന്നും ഒരേനിലയെങ്കിൽ മുഴുവൻ വിഷയങ്ങളിലും കുറവ് തെറ്റുത്തരങ്ങളുള്ളയാൾക്ക് മുൻഗണന.
* വീണ്ടും സമനിലയെങ്കിൽ ബയോളജിയിൽ കുറവ് തെറ്റുത്തരം, കെമിസ്ട്രിയിൽ കുറവ് തെറ്റുത്തരം, ഫിസിക്സിൽ കുറവ് തെറ്റുത്തരം എന്ന ക്രമത്തിൽ മുൻഗണനാ പട്ടിക തയ്യാറാക്കും.
* തുടർന്നും ഒരേനിലയെങ്കിൽ വിദഗ്ദ്ധരുടെ സ്വതന്ത്ര പാനൽ random process വഴി പ്രശ്നം പരിഹരിക്കും.
ഓർമിക്കാൻ...
1. സിവിൽ സർവീസ് എക്സാം രജിസ്ട്രേഷൻ:- സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 18 വരെയായി യു.പി.എസ്.സി ദീർഘിപ്പിച്ചു. വെബ്സൈറ്റ്: upsc.gov.in.
2. AEEE 2025 ഫലം:- അമൃത യൂണിവേഴ്റ്റി നടത്തിയ ആദ്യ ഘട്ട അമൃത എൻട്രൻസ് എക്സാമിനേഷൻ എൻജിനിയറിംഗ് (AEEE 2025) ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: amrita.edu.
കിറ്റ്സിൽ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം
തിരുവനന്തപുരം: കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2025-27 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിഗ്രിയും കെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും www.kittsedu.org വഴി അപേക്ഷിക്കാം. എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: അസാപ് കേരളയിൽ മാർച്ച് ആദ്യവാരം ആരംഭിക്കുന്ന ജർമൻ എ 1 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 ന് മുൻപ് https://asapkerala.gov.in/course/german-language/ ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 9495999701, 9495999604.
കെ.എസ്.ഇ.ബി സ്പോർട്സ് ക്വാട്ട: പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വിവിധ ടീമുകളിലായി സ്പോർട്സ് ക്വാട്ടയിൽ 2023 വർഷത്തെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.kseb.in ൽ പ്രസിദ്ധീകരിച്ചു. പുരുഷന്മാരുടെയും വനിതകളുടെയും വോളിബാൾ, ബാസ്കറ്റ്ബാൾ ടീമുകളിൽ ഓരോന്നിൽനിന്നും രണ്ട് വീതവും ഫുട്ബാൾ ടീമിൽനിന്ന് മൂന്ന് പേർക്ക് വീതവുമാണ് നിയമനം ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |