
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ കോഡിന്റെ അടിസ്ഥാനത്തിൽ കേരളം കരട് നിയമങ്ങൾ തയ്യാറാക്കിയെന്ന വാർത്ത ശരിവച്ച് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര നിർദേശപ്രകാരമാണ് ഇത് ചെയ്‌തത്. എന്നാൽ, ഈ കരട് നിയമങ്ങളിൽ തുടർനടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയിലെ എല്ലാ ലേബർ സെക്രട്ടറിമാരുടെയും റീജണൽ യോഗങ്ങൾ ചേർന്നിരുന്നു. നമ്മുടെ സംസ്ഥാനവും യോഗത്തിൽ പങ്കെടുത്തു. കരട് നിയമങ്ങൾ തയ്യാറാക്കണമെന്ന് യോഗത്തിൽ കർശന നിർദേശം നൽകിയിരുന്നു. നിയമങ്ങൾ തയ്യാറാക്കിയാലും അത് പ്രാവർത്തികമാക്കണമെങ്കിൽ ഒരുപാട് നടപടിക്രമങ്ങളുണ്ട്. നിയമങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിക്കണം, നിയമസഭാ കമ്മിറ്റി അംഗീകരിക്കണം, പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവകാശം നൽകണം തുടങ്ങിയ കാര്യങ്ങൾ ചെയ്യണം. ഇതൊരു കരടായി തയ്യാറാക്കി വച്ചു. അത് അങ്ങനെ തന്നെയിരിക്കുകയാണ്. ഒരിഞ്ച് പോലും അനങ്ങിയിട്ടില്ല' - വി ശിവൻകുട്ടി പറഞ്ഞു.
കേന്ദ്ര തൊഴിൽ കോഡിനെതിരെ രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകൾ സമരം നടത്തുകയാണ്. അതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഉൾപ്പെടുന്നുണ്ട്. ഇതിനിടെയാണ് കേരളം കരട് നിയമങ്ങൾ തയ്യാറാക്കിയെന്ന വിവരം മന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകൾ തൊഴിലാളി വിരുദ്ധമെന്നാണ് രാജ്യത്ത് പല തൊഴിലാളി യൂണിയനുകളും പറയുന്നത്. തൊഴിലുടമയ്‌ക്ക് അനുകൂലവും തൊഴിലാളിക്ക് എതിരുമാണ് ലേബർ കോഡുകൾ എന്നാണ് സംഘടനകൾ ആരോപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |