തിരുവനന്തപുരം: ദേശീയപാത 66 പൂർത്തിയാകുമ്പോൾ എല്ലാ റീച്ചിലും ചെറുവാഹനങ്ങളും ട്രാൻസ്പോർട്ട് ബസുകളും വിലക്കില്ല. ഭൂപ്രകൃതിയും സർവീസ് റോഡുകളുടെ സൗകര്യവും കണക്കിലെടുത്ത് ഇക്കാര്യം തീരുമാനിക്കും.
രാമനാട്ടുകര - വളാഞ്ചേരി റീച്ചിലാവും പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ വാഹനങ്ങളെ വിലക്കുക. മറ്റ് റീച്ചുകളുടെ കാര്യത്തിൽ ജില്ലാ ട്രാൻസ്പോർട്ട് അതോറിട്ടികളുടെ അഭിപ്രായം കൂടി പരിഗണിക്കും.
ചെറിയ വാഹനങ്ങൾക്കും ഓർഡിനറി ബസുകൾക്കും വിലക്കുള്ള സംസ്ഥാനങ്ങളിൽ ആറുവരിപ്പാതയ്ക്ക് 60 മീറ്റർ വീതിയുണ്ട്. കേരളത്തിൽ 45 മീറ്ററേയുള്ളൂ. ചിലയിടങ്ങളിൽ സർവീസ് റോഡുകളില്ല. പാലം, ഫ്ലൈഓവർ എന്നിവ ഉള്ളിടത്തു പോലും സർവീസ് റോഡില്ലാത്ത ഭാഗങ്ങളുണ്ട്.
കാരോട് - കഴക്കൂട്ടം റീച്ചിൽ ഇരുചക്രവാഹനങ്ങൾ, ഓട്ടോ, ട്രാൻസ്പോർട്ട് ബസുകൾ എന്നിവ സർവീസ് റോഡിലൂടെ പോകണമെന്ന ദേശീയപാത അതോറിട്ടിയുടെ നിർദ്ദേശം ഗതാഗതവകുപ്പ് തള്ളിയിരുന്നു. കുത്തനെ കയറ്റിറക്കമുള്ള സർവീസ് റോഡിലൂടെ ബസ് സർവീസ് നടത്താനാകില്ലെന്ന് കെ.എസ്.ആർ.ടി.സിയും സർക്കാരിനെ അറിയിച്ചിരുന്നു.
ഗതാഗതം കുരുങ്ങും
ചെറു വാഹനങ്ങളും കാൽനട യാത്രികരും സർവീസ് റോഡുകളെ മാത്രം ആശ്രയിക്കേണ്ടി വന്നാൽ ഗതാഗതക്കുരുക്കാവും ഫലം
കിലോമീറ്ററുകൾ അകലം വിട്ടാണ് ആറു വരിപാതയിൽ പലയിടത്തും എകിസ്റ്റും എൻട്രിയും. ഇക്കാരണത്താൽ വലിയ വാഹനങ്ങൾ സർവീസ് റോഡിലുമെത്തുന്നു
മഴപെയ്താൽ സർവീസ് റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് പതിവാണ്. ശക്തമായ മഴയിൽ പ്രധാന പാതയിലെ വെള്ളം സർവീസ് റോഡിലേക്ക് പതിക്കുന്നുമുണ്ട്
എല്ലാ ട്രക്കുകളിലും
എ.സി. ക്യാബിൻ
നിർബന്ധമാക്കി
തിരുവനന്തപുരം: രാജ്യത്തെ റോഡുകളിൽ എല്ലാ മീഡിയം, ഹെവി ട്രക്കുകളിലും എ.സി ക്യാബിൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ എട്ട് മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ ട്രക്കുകളുടെയും ക്യാബിനിൽ എ.സി സംവിധാനം ഉറപ്പാക്കണമെന്നാണ് നിർദേശം.
വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന എൻ2, എൻ3 ട്രക്കുകളിലെ ഡ്രൈവർമാരുടെ ക്യാബിനുകളിൽ ഒക്ടോബർ ഒന്നു മുതൽ എ.സി. നിർബന്ധമാക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. കടുത്ത ചൂടിലും ജോലി ചെയ്യുന്ന ഡ്രൈവർമാർക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.ഭൂരിഭാഗം ട്രക്ക് നിർമാതാക്കളും ഈ നിർദേശത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ടാറ്റ മോട്ടോഴ്സ് മീഡിയം ഹെവി ട്രക്കുകളുടെ ക്യാബിനുകളിൽഎയർ കണ്ടീഷൻ സംവിധാനം ഏർപ്പെടുത്തി. ഒരു ശതമാനം മുതൽ 2.5 ശതമാനത്തിന്റെ വരെ വില വർധനവാണ് ഉണ്ടാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |