കൊച്ചി: നാല് മാസമായി തുടരുന്ന മഴ പൈനാപ്പിള്‍ കൃഷിക്ക് കനത്ത തിരിച്ചടിയായി. രോഗ, കീട ബാധകള്‍ വര്‍ദ്ധിച്ചതും ചെടികളുടെ വളര്‍ച്ച കുറഞ്ഞതും കൃഷിപ്പണികള്‍ തടസപ്പെട്ടതുമാണ് പ്രധാന പ്രശ്നങ്ങള്‍. ഇതിനിടെ, വില്പന കുറഞ്ഞതോടെ പൈനാപ്പിളിന്റെ വില ഒന്‍പത് വര്‍ഷം മുന്‍പുള്ള നിലയിലേക്ക് കൂപ്പുകുത്തി. ഇത് ചെറുകിട കര്‍ഷകരെ സാരമായി ബാധിച്ചിരിക്കുകയാണ്.
പൈനാപ്പിള്‍ വാലി എന്നറിയപ്പെടുന്ന മൂവാറ്റുപുഴയിലെ വാഴക്കുളം ഉള്‍പ്പെടെയുള്ള പ്രധാന കൃഷി മേഖലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. തുടര്‍ച്ചയായ മഴ പൈനാപ്പിള്‍ കൃഷിക്ക് അനുകൂലമല്ല. ഈര്‍പ്പം കാരണം കീടബാധ വര്‍ദ്ധിക്കുകയും ചെടികളും തൈകളും അഴുകുകയും ചെയ്യുന്നുണ്ട്. മഴക്കാലത്ത് കീടനാശിനി തളിച്ചാല്‍ ചെടിയില്‍ പിടിക്കും മുമ്പ് മഴയില്‍ ഒലിച്ചുപോകുന്നതിനാല്‍ ഫലം ലഭിക്കുന്നില്ല.
കൃഷിപ്പണികളും മഴയില്‍ സാരമായി തടസപ്പെട്ടു. ചരിവുള്ള പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നതിനാല്‍ വളമിട്ടാല്‍ മണ്ണില്‍ ചേരുന്നതിന് മുമ്പേ ഒലിച്ചുപോകും. ഇതുമൂലം വളപ്രയോഗം സാധിക്കുന്നില്ല.
തൊഴിലാളികളുടെ കുറവും പണിക്ക് തടസമാകുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ ലഭിച്ചാലും മഴ കാരണം പൂര്‍ണസമയം പണിയെടുക്കാന്‍ കഴിയുന്നില്ല. പണിക്കൂലി 600 രൂപയില്‍ നിന്ന് 1000 രൂപയായി വര്‍ദ്ധിച്ചിട്ടുമുണ്ട്. കൃത്യമായ പരിപാലനവും വളപ്രയോഗവും നടത്താന്‍ കഴിയാത്തത് ചെടികള്‍ നശിക്കാനും വിളവ് കുറയാനും കാരണമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. പഴയ ചെടികള്‍ പറിച്ച് തൈകള്‍ നടുന്നത് കുറഞ്ഞതും കൃഷിക്ക് തിരിച്ചടിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
?വില്പനയും വിലയും താഴോട്ട്
മഴ കാരണം ആവശ്യക്കാര്‍ കുറഞ്ഞതോടെ പൈനാപ്പിളിന്റെ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്‍പത് വര്‍ഷം മുന്‍പത്തെ വിലയിലും താഴെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ചൂടുകാലത്തുള്ളതുപോലെ പഴങ്ങള്‍ക്ക് ആവശ്യക്കാരില്ല. ജ്യൂസിന് ആവശ്യക്കാര്‍ കുറഞ്ഞതും പൈനാപ്പിള്‍ വില്പനയെ സാരമായി ബാധിച്ചിട്ടുണ്ട്.
?പാട്ടനിരക്കും കാനി വിലയും ആശ്വാസം
സ്ഥലം പാട്ടത്തിനെടുത്ത് ഇടവിളയായി കൃഷി ചെയ്യുന്നവരാണ് പൈനാപ്പിള്‍ കര്‍ഷകരില്‍ കൂടുതലും. പത്ത് ഏക്കര്‍ സ്ഥലത്തിന് ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയായിരുന്ന പാട്ടനിരക്ക് നിലവില്‍ 70,000 രൂപയായി കുറഞ്ഞു. ചെറുകിട കര്‍ഷകരില്‍ പലരും പിന്മാറിയതാണ് പാട്ടനിരക്ക് കുറയാന്‍ കാരണം.
കാനി (തൈ)ക്ക് മുമ്പ് 17 രൂപ വരെയായിരുന്നു വില. എന്നാല്‍ നിലവില്‍ പരമാവധി ഒന്‍പത് രൂപയാണ് വില. കാനി സുലഭമായതാണ് വില കുറയാന്‍ കാരണം. പുതുക്കൃഷി നടത്തുന്നവര്‍ക്ക് ചെലവ് കുറയുന്നതിനാല്‍ ഈ വിലക്കുറവ് ഒരു ആശ്വാസമാണ്.
വില സ്പെഷ്യല്‍ ഗ്രേഡ് പച്ച പഴം
ഇന്നലെ 34 32 36
2016 ജൂലായ് 35 33 40
മഴ കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. അത്യാവശ്യ പണികള്‍ നടത്തി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ് കര്‍ഷകര്‍.
ബേബി ജോണ്‍
പ്രസിഡന്റ്
പൈനാപ്പില്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ കേരള
മഴ തുടരുന്നത് രോഗബാധയ്ക്കും ചെടി അഴുകാനും കാരണമാകും. ശാസ്ത്രീയ പരിപാലനത്തില്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം.
പൈനാപ്പിള്‍ ഗവേഷണ കേന്ദ്രം, വാഴക്കുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |