മലപ്പുറം: ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ ആരെ തുണയ്ക്കും? അതിന്റെ വ്യക്തമായ സൂചന ആദ്യ അരമണിക്കൂറിൽ വ്യക്തമാവും. യു.ഡി.എഫ് കോട്ടയായ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക. ഇവിടെ 3,000 വോട്ടിന്റെ ലീഡാണ് യു.ഡി.എഫ് പ്രതീക്ഷ. ഇടതുസ്വതന്ത്രനായി പി.വി. അൻവർ മത്സരിച്ച രണ്ടു തിരഞ്ഞെടുപ്പിലും അൻവറിനായിരുന്നു ഇവിടെ ലീഡ്. 2016ൽ ആര്യാടൻ ഷൗക്കത്തിനെതിരെ മത്സരിച്ചപ്പോൾ 2,162 വോട്ടായിരുന്നു ഇവിടെ ലീഡ്. അന്ന് 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2021ൽ വി.വി പ്രകാശിനെതിരെ മത്സരിച്ചപ്പോൾ വഴിക്കടവിൽ 35 വോട്ടിന്റെ മുൻതൂക്കം മാത്രമാണ് അൻവറിന് ലഭിച്ചത്. ഭൂരിപക്ഷം 2,700 ആയി കുറഞ്ഞു.
നിലമ്പൂർ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തും കൂടുതൽ വോട്ടർമാരുള്ളതും വഴിക്കടവിലാണ്. അൻവർ കൂടുതൽ വോട്ട് പ്രതീക്ഷിക്കുന്നതും ഇവിടെയാണ്. മുസ്‌ലിം ലീഗിന്റെ സ്വാധീന മേഖലയുമാണിത്. ഇവിടെ അടിപതറിയാൽ 12,000 മുതൽ 15,000 വോട്ട് വരെ ഭൂരിപക്ഷം ലഭിക്കുമെന്ന യു.ഡി.എഫിന്റെ കണക്കുകൂട്ടൽ പാളും. വോട്ട് വിഹിതം വഴിക്കടവിൽ കൂടിയാൽ 20,000ത്തിലേക്ക് ഭൂരിപക്ഷം ഉയർന്നേക്കും.
വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ രണ്ടാംനമ്പർ ബൂത്തിൽ വി.വി പാറ്റ് പ്രവർത്തിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ അതുവരെ പോൾ ചെയ്ത 48 വോട്ട് പരിശോധിച്ചിരുന്നു. സ്ലിപ്പുകൾ എണ്ണിയപ്പോൾ 42 വോട്ടും യു.ഡി.എഫിനാണ്. വഴിക്കടവിലെ ട്രെൻഡ് അനുകൂലമാണെന്ന സൂചനയോടെ യു.ഡി.എഫ് ക്യാമ്പ് കൂടുതൽ പ്രതീക്ഷയിലാണ്.
രണ്ടാമത് വോട്ടെണ്ണുന്നത് ലീഗിന്റെ ശക്തികേന്ദ്രമായ മൂത്തേടം പഞ്ചായത്തിലാണ്. കുറഞ്ഞത് 2,500 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫ് കണക്കുകൂട്ടുന്നുണ്ട്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് പിന്നോട്ടുപോയപ്പോൾ കാര്യമായി പിടിച്ചുനിന്നത് മൂത്തേടം പഞ്ചായത്തിലാണ്. വഴിക്കടവും മൂത്തേടവും കൈവിട്ടാൽ യു.ഡി.എഫിന്റെ നില പരുങ്ങലിലാവുകയും, 2,000 വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കുമെന്ന എൽ.ഡി.എഫിന്റെ കണക്കുകൾക്ക് ഇത് ബലമേകും.
ഉറപ്പോടെ ഇടതും വലതും
ഏഴിൽ ആറ് പഞ്ചായത്തുകളിൽ ലീഡുണ്ടാവുമെന്ന ഉറപ്പിലാണ് യു.ഡി.എഫ്. കരുളായിയിൽ ഒഴികെ മറ്റെല്ലാ ഇടങ്ങളിലും മുൻതൂക്കം ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലമ്പൂർ മുനിസിപ്പാലിറ്റിയിലും നാലു പഞ്ചായത്തുകളിലും 1,000ത്തിനും 1,300നും ഇടയിൽ മുൻതൂക്കം ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ.
താൻ തോറ്റാൽ യു.ഡി.എഫ് വിജയിക്കണം: പി.വി. അൻവർ
മലപ്പുറം: തനിക്ക് ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും പിണറായിസം തോൽക്കണമെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ പ്രാർത്ഥന ഫലിച്ചാൽ താൻ 25,000 വോട്ടിന് വിജയിക്കും. മത്സരിച്ചതിൽ താൻ ഹാപ്പിയാണ്. മത്സരിക്കാൻ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. അങ്ങനെ തീരുമാനമെടുത്തിരുന്നെങ്കിൽ ചിത്രം വേറെയാവുമായിരുന്നു. യു.ഡി.എഫിന് പിന്തുണ കൊടുക്കാൻ ഉദ്ദേശിച്ചിരുന്ന തന്നെ പ്രതിപക്ഷ നേതാവ് പിടലിക്ക് പിടിച്ച് പുറത്തേക്ക് തള്ളി.
മുഖ്യമന്ത്രിയും മന്ത്രിമാരും എം.പിമാരും എം.എൽ.എമാരുമുൾപ്പെടെയെത്തി നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചു. നിലമ്പൂരിലെ എല്ലാ വീടിന്റെ അടുക്കളയിലും കയറി കാലുപിടിക്കുന്ന ഗതികേടിലേക്ക് കേരളത്തിലെ മുഴുവൻ മന്ത്രിമാരെയും എം.എൽ.എമാരെയും എത്തിക്കാൻ തനിക്ക് കഴിഞ്ഞു. 2021ലേതിനെക്കാൾ 1,224 പേർ ഇത്തവണ കൂടുതലായി വോട്ടുചെയ്തെന്നും പി.വി. അൻവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |