മലപ്പുറം: നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ നിലമ്പൂരിൽ മത്സര ചിത്രം തെളിഞ്ഞു. പത്ത് മത്സരാർത്ഥികളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ പി വി അൻവർ കത്രിക ചിഹ്നത്തിലാണ് മത്സരിക്കുക.
14 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരിൽ നാലുപേർ ഇന്ന് പത്രിക പിൻവലിക്കുകയായിരുന്നു. പി വി അൻവറിന്റെ അപരനായി കരുതിയ ചുങ്കത്തറ സ്വദേശി അൻവർ സാദത്തും പത്രിക പിൻവലിച്ചു. എസ്‌ഡിപിഐയുടെ അപരനും പിന്മാറി. പെരുന്നാൾ കഴിഞ്ഞേ പ്രചാരണമുള്ളൂവെന്ന് നേരത്തെ പ്രഖ്യാപിച്ച അൻവർ ഇന്ന് നിലമ്പൂർ കാലിച്ചന്തയിൽ പ്രചാരണത്തിന് തുടക്കം കുറിച്ചു. കത്രിക ചിഹ്നം പതിച്ച ബോർഡുകൾ ഉടൻ സ്ഥാപിച്ചുതുടങ്ങുമെന്നാണ് വിവരം. ജൂൺ 19നാണ് വോട്ടെടുപ്പ്. 23ന് വോട്ടെണ്ണും. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം. സ്വരാജും യു.ഡി.എഫിനായി ആര്യാടൻ ഷൗക്കത്തും ബി.ജെ.പിക്കായി അഡ്വ.മോഹൻ ജോർജുമാണ് മത്സരരംഗത്തുള്ളത്.
ഇതിനിടെ, നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിവസമായ ഇന്ന് യുഡിഎഫിന് മുന്നിൽ പിവി അൻവർ പുതിയ ഉപാധികൾ വച്ചതും ചർച്ചയായി. അടുത്ത തവണ യുഡിഎഫിന് ഭരണം കിട്ടിയാൽ തന്നെ മന്ത്രിയാക്കണമെന്നും ആഭ്യന്തരവകുപ്പും വനംവകുപ്പും നൽകണമെന്നും അല്ലെങ്കിൽ വിഡി സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയാൽ മതിയെന്നുമായിരുന്നു അൻവറിന്റെ ഉപാധി. വിഡി സതീശനെ 'മുക്കാൽ പിണറായി' എന്നാണ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പിവി അൻവർ വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |