കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകർന്നുവീണ് ബിന്ദു മരിച്ച സംഭവത്തിൽ പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ഭർത്താവ് വിശ്രുതൻ. തന്റെ കുടുംബത്തിനുണ്ടായ അവസ്ഥ ഇനി ഒരാൾക്കുപോലും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടും കെട്ടിടം തകർന്നതിനെക്കുറിച്ചും മികച്ച അന്വേഷണമാണ് നടക്കുന്നതെന്നും വിശ്രുതൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'സർക്കാർ മൂന്ന് ഉറപ്പുകളാണ് ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. ഒന്ന് എന്റെ മകളുടെ ചികിത്സ, മന്ത്രി വാസവനും കളക്ടറും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്രണ്ടും ഉണ്ടായിരുന്നു ഇന്നലെ വീട്ടിൽ വന്നിരുന്നു. എന്റെ മകന് ജോലി നൽകാമെന്നും ഉറപ്പ് നൽകി. ധനസഹായം മന്ത്രിസഭായോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഞങ്ങളോടൊപ്പം എന്നും സർക്കാർ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
കോൺഗ്രസ് നേതാക്കളും ബിജെപി നേതാക്കളും എന്റെ കുടുംബത്തോടൊപ്പം നിന്നു. വീട് പുതുക്കി പണിയാനുളള സഹായമായി അഞ്ച് ലക്ഷം രൂപ അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ട്രസ്റ്റിൽ നിന്ന് നൽകാമെന്ന് അദ്ദേഹത്തിന്റെ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ ഉറപ്പുനൽകി. ഞങ്ങൾ ആരുമില്ലാത്തവരാണ്. മകന് ലഭിച്ച ആദ്യശമ്പളം അമ്മയ്ക്ക് കൊടുക്കാനാണ് ഞാൻ പറഞ്ഞത്. 10,000 രൂപ ശമ്പളം കിട്ടിയെന്നുപറഞ്ഞു. അമ്മയ്ക്ക് സന്തോഷമാകട്ടെയെന്നാണ് ഞാൻ മകനോട് പറഞ്ഞത്. പക്ഷെ അതിന് ബിന്ദുവിന് സാധിച്ചില്ല.
ഭാര്യയ്ക്കും ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ അവഗണിച്ചാണ് അവൾ കുടുംബത്തിനായി അധ്വാനിച്ചത്. യാതൊരു പരാതിക്കും പോകുന്നില്ല. ഇനി മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടുളള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അന്വേഷണം നടക്കട്ടെ. മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. ഇനി ഒരു കുടുംബത്തിനും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്.എല്ലാവർക്കും നല്ലത് വരണമെന്ന് ആഗ്രഹിച്ചവളായിരുന്നു ഭാര്യ. അവർ നല്ലൊരു മനസിനുടമയായിരുന്നു'- വിശ്രുതൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |