തൃശൂർ: 'ഓണത്തിന് ഒരു ലക്ഷം തൊഴിൽ' ലക്ഷ്യമിട്ട് സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിന് വിജ്ഞാനകേരളവുമായി സഹകരിച്ച് കുടുംബശ്രീ ക്യാമ്പെയിൻ ആരംഭിച്ചതായി മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമിതികൾ രൂപീകരിക്കും.
കുടുംബശ്രീ സംസ്ഥാനജില്ലാ മിഷനുകളിൽ ഇംപ്ലിമെന്റേഷൻ യൂണിറ്റുകൾ പ്രവർത്തിക്കും. ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ബ്ലോക്കുകളിലും, മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും തൊഴിൽമേളകളുണ്ടാകും. പരിശീലനം നൽകുന്നതിന് അസാപ്, കെ.എ.എസ്.ഇ തുടങ്ങിയവയെയും അക്രഡിറ്റഡ് ഏജൻസികളെയും ഏകോപിപ്പിക്കും.
തദ്ദേശസ്ഥാപന അദ്ധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും യോഗങ്ങളിലാണ് അവസാനരൂപം നൽകിയത്. കെ- ഡിസ്‌കിൽ നിന്നുള്ള വിദഗ്ദ്ധർക്കാണ് ജില്ലകളിലെ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ നേതൃത്വം. സോഫ്റ്റ്‌വെയർ ലഭ്യമാക്കുന്നത് കെ- ഡിസ്‌കാണ്. നാഷണൽ സർവീസ് സ്‌കീം സന്നദ്ധപ്രവർത്തകർ പങ്കാളികളാകും.
കേരളത്തിലെ സ്ത്രീകളിൽ 20 ശതമാനം പേർ മാത്രമേ വീട്ടിനു പുറത്തുള്ള ജോലികളിൽ ഏർപ്പെടുന്നുള്ളൂ. ഇത് 50 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. വിജ്ഞാനകേരളം മുഖ്യ അഡ്വൈസർ ഡോ. ടി.എം. തോമസ് ഐസക്, ശുചിത്വമിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ യു.വി. ജോസ്, കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടർ എച്ച്. ദിനേശൻ, കില ഡയറക്ടർ ജനറൽ എ. നിസാമുദ്ദീൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |