പാലക്കാട്: നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ നില അതീവഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 38കാരിയെ ഇന്നലെ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. യുവതിയുടെ 12 വയസുള്ള മകനെയും പനിയെത്തുടർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവായ പത്ത് വയസുള്ള കുട്ടിയെ പനിയെ തുടർന്ന് നേരത്തെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 110 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളതെന്ന് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുള്ളത്. ഇതിൽ 65 പേർ ആരോഗ്യപ്രവർത്തകരാണ്.
യുവതിക്ക് രോഗബാധയേറ്റതിന് പിന്നാലെ നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായുള്ള ആരോഗ്യവകുപ്പിന്റെ സർവേ തുടരുകയാണ്. ഇതിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം യുവതിയുടെ വീടും പരിസരവും പരിശോധിച്ചു. തച്ചനാട്ടുകരയിലെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച നാലുവാർഡുകളിലാണ് ആരോഗ്യ വകുപ്പ് സർവേ നടത്തുന്നത്. രണ്ടു മാസത്തിനിടെ നിപ രോഗ ലക്ഷണങ്ങൾ ആർക്കെങ്കിലും ഉണ്ടായിരുന്നോ എന്നതുൾപ്പെടെയാണ് പരിശോധിക്കുന്നത്. 75 അംഗ സംഘം ഇന്നലെ തുടങ്ങിയ സർവേ ഇന്നു പൂർത്തിയാക്കുമെന്നാണ് വിവരം.
സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ ഉള്ളതായി മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേർ ഐ.സി.യുവിൽ ചികിത്സയിലുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള ഒരാൾ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്. കോഴിക്കോട് ജില്ലയിൽ സമ്പർക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവർത്തകരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |