പാലക്കാട്: നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ നില അതീവഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 38കാരിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇതിനിടെ നിപ സമ്പർക്കപ്പട്ടികയിലുള്ള ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാൾ മലപ്പുറത്തുള്ളതായി വിവരം ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
ഇതരസംസ്ഥാന തൊഴിലാളി മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഇയാളും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളതായി കണ്ടെത്തിയത്. ഇയാളെ കണ്ടെത്താൻ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
നിപ സമ്പർക്ക പട്ടികയിൽ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. ഇതിൽ മലപ്പുറം ജില്ലയിൽ 252 പേരും പാലക്കാട് ജില്ലയിൽ 209 പേരുമാണ് ഉൾപ്പെടുന്നത്. 27 പേർ ഹൈ റിസ്‌ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിലാണ് ഇവർ ചികിത്സയിലുള്ളത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് ആരോഗ്യപ്രവർത്തകരുള്ളതിൽ ഒരാൾ സി.ടി സ്‌കാൻ ടെക്നീഷ്യനാണ്. സമ്പർക്ക പട്ടികയിലുള്ള 48 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 46ഉം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. ഇതിൽ 23 പേർ മഞ്ചേരി മെഡിക്കൽ കോളജിലും 23 പേർ കോഴിക്കോട്ടുമാണുള്ളത്. ഹൈറിസ്‌ക് പട്ടികയിലുള്ളവർ എല്ലാവരും ക്വാറന്റീനിലാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |