തിരുവനന്തപുരം: നിയമസഭ മന്ദിരത്തിന്റെ സെല്ലാറിലുള്ള ഡൈനിംഗ് ഹാൾ നവീകരിക്കാൻ അനുവദിച്ചത് 7.4 കോടി രൂപ. ഹാളിന് ഇനി ഇറ്റാലിയൻ മാർബിളിന്റെ ചേല്. 1.41 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. നിയമസഭ മന്ദിരത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഡൈനിംഗ് ഹാളിന്റെ മുഖം മിനുക്കൽ. മന്ത്രിസഭായോഗം ഇതിന് അംഗീകാരം നൽകി. പ്രീമിയം കർട്ടനുകൾ, ഗ്ളാസ് പാർട്ടീഷൻ തുടങ്ങി ആഡംബര സൗകര്യങ്ങളും ഉണ്ടാവും.
നിയമസഭ സെക്രട്ടറി സമർപ്പിച്ച 7.49 കോടി രൂപയുടെ നിർദ്ദേശം ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമാണ് 7.4 കോടിയായി പുനർനിർണയിച്ചത്. ധനവകുപ്പ് ചീഫ് ടെക്നിക്കൽ എക്സാമിനറിന്റെ പരിശോധനയിൽ മാർബിൾ പതിക്കുന്നതിന് മാത്രം 1.41 കോടിയും പാനലിംഗ്, ഗ്ലാസ് പാർട്ടീഷൻ എന്നിവയ്ക്ക് 1.17 കോടിയും കർട്ടനുകൾക്ക് 21.10 ലക്ഷവുമുൾപ്പെടെ നിലവാരമുള്ള സാമഗ്രികളാണ് ഉപയോഗിക്കുന്നത്. ജൂൺ 25ന് ചേർന്ന മന്ത്രിസഭായോഗം പദ്ധതിക്ക് അന്തിമ അംഗീകാരം നൽകി.
മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ഇഫ്താർ വിരുന്ന്, ജീവനക്കാരുടെ വിശേഷ ദിവസങ്ങളിലെ ആഘോഷം, സർക്കാർ വക പ്രത്യേക പരിപാടികൾ എന്നിങ്ങനെ വർഷത്തിൽ പരമാവധി 10 മുതൽ 15 ദിവസങ്ങളാവും സാധാരണ ഡൈനിംഗ് ഹാൾ ഉപയോഗിക്കുക. പി.ശ്രീരാമകൃഷ്ണൻ നിയമസഭ സ്പീക്കറായിരിക്കെ ലോക കേരളസഭ നടത്തിപ്പിന് ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ച് നവീകരണത്തിന് 16 കോടിയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ എസ്റ്രിമേറ്റിലും കുറഞ്ഞ തുകയ്ക്കാണ് അന്ന് പ്രവർത്തികൾ പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |