തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡ് ഈ മാസം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എൻഎസ്‌എസ്. കഴിഞ്ഞ ദിവസം സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാനാണ് എൻഎസ്എസ് തീരുമാനം.
രാഷ്‌ട്രീയ പാർട്ടികളെ ക്ഷണിക്കരുത് എന്ന തങ്ങളുടെ നിലപാട് സർക്കാർ അംഗീകരിച്ചതിനെ എൻഎസ്‌എസ് സ്വാഗതം ചെയ്‌തു. ഉപാധികളോടെ തങ്ങൾ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണക്കുന്നതായാണ് എൻഎസ്‌എസ് നേരത്തെ വ്യക്തമാക്കിയത്. ഇതിനുപിന്നാലെ എസ്‌എൻഡിപിയും സംഗമത്തിന് പിന്തുണ അറിയിച്ചു.
അയ്യപ്പസംഗമം ശബരിമലയുടെയും മറ്റു ക്ഷേത്രങ്ങളുടെയും വളർച്ചയ്ക്ക് സഹായകമാകുമെന്നും എസ്.എൻ.ഡി.പി യോഗം സംഗമത്തിന് പിന്തുണ നൽകുമെന്നും ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
ആഗോളതലത്തിൽ ശബരിമലയുടെ പ്രസക്തി പ്രചരിപ്പിക്കാനും ഭക്തരെ ആകർഷിക്കാനും സാധിച്ചാൽ നല്ലതാണ്. ശബരിമലയിൽ കൂടുതൽ ഭക്തർ എത്തിയാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട സാധാരണക്കാരുടെ ജീവിതം പച്ചപിടിക്കും. ആചാരങ്ങൾ നിലനിറുത്തിയേ കാര്യങ്ങൾ ചെയ്യൂവെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. അത് മുഖവിലയ്‌ക്കെടുക്കുന്നു. സർക്കാരിനും ദേവസ്വം ബോർഡിനും സ്ത്രീ പ്രവേശനമെന്ന അജൻഡ ഇപ്പോഴില്ല. യുവതീപ്രവേശനം പാടില്ലെന്നാണ് തങ്ങളുടെയും അഭിപ്രായം.
വിശ്വാസികളല്ലാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്‌ട്രീയ മുതലെടുപ്പിനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന ബിജെപി ആരോപണത്തെ അദ്ദേഹം തള്ളിയിരുന്നു. ശബരിമലയിൽ ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ പോയിവരാനുള്ള സാഹചര്യം സർക്കാരും ദേവസ്വംബോർഡും ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ആഗോള അയ്യപ്പ സംഗമം തടയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. എം.നന്ദകുമാർ, വിസി അജികുമാർ എന്നിവരാണ് ഹർജി നൽകിയത്. സംഗമം നടത്തുക വഴി സർക്കാർ മതേതരത്വ കടമകളിൽ നിന്നും വഴിമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ദേവസ്വംബോർഡ് അധികാരപരിധി ലംഘിച്ച് പ്രവർത്തിച്ചു. ആഗോള അയ്യപ്പ സംഗമത്തിനൊപ്പം ആഗോള ക്രൃസ്‌ത്യൻ സംഗമവും നടത്തണമെന്ന ആവശ്യവും ഹർജിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |