തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വന്നാൽ ആരും കയ്യേറ്റം ചെയ്യാൽ പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുലിനെതിരായുള്ള അന്വേഷണത്തെ ചോദ്യം ചെയ്യില്ലെന്നും എന്നാൽ ആരും ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
'രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റ് നിൽക്കുമ്പോൾ ചിലപ്പോൾ ഭരണകക്ഷി അംഗങ്ങൾ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കും. മുകേഷ് എഴുന്നേറ്റ് നിൽക്കുമ്പോൾ യുഡിഎഫിന്റെ ഭാഗത്തുനിന്നും അത് ഉണ്ടാകും. ശശീന്ദ്രൻ എഴുന്നേറ്റ് നിൽക്കുമ്പോൾ പൂച്ചയുടെ ശബ്ദം ഉണ്ടാകും. അങ്ങനെയുള്ള ചില ശബ്ദങ്ങൾ അല്ലാതെ മറ്റൊരു അനിഷ്ട സംഭവവും ഉണ്ടാവില്ല.
അന്വേഷണം നടക്കുന്നതിന് മുൻപ് വിധി കൽപ്പിക്കേണ്ട കാര്യമില്ല. സർക്കാർ അന്വേഷിക്കുന്നുണ്ടല്ലോ. അന്വേഷണത്തെ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. പരാതി വന്നാൽ അതൊക്കെ പരിശോധിക്കട്ടെ. രാഹുൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. ആ കാര്യങ്ങളിലൊക്കെ പാർട്ടി വ്യക്തമായ നയം സ്വീകരിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. ബാക്കിയൊക്കെ സർക്കാരിന്റെ അന്വേഷണറിപ്പോർട്ട് വന്നിട്ട് അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് തീരുമാനിക്കാം. ഇപ്പോൾ എടുത്ത നിലപാടിൽ നിന്ന് പിന്നോട്ടുപോകേണ്ട ആവശ്യം പാർട്ടിക്കില്ല'- മുരളീധരൻ വ്യക്തമാക്കി.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായെ കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ആരംഭിച്ചു. സംഭവത്തിൽ അഭിഭാഷകനായ ഷിന്റോയുടെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |