കോഴിക്കോട്: ഫ്ളാറ്റിന്റെ 12ാം നിലയിൽ നിന്ന് വീണ യുവ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. തലശേരി കടവത്തൂർ കുനിയിൽ ഡോ. ഷെദ റഹ്മത്ത് ജഹാനാണ് (26) മരിച്ചത്. പള്ളൂർ ഗവ. ആശുപത്രിയിലെ താത്കാലിക ഡോക്ടറാണ്. കോഴിക്കോട് ബീച്ചിന് സമീപത്തെ പി.ടി. ഉഷ റോഡിലെ ലിയോ പാരഡൈസ് ഗാലക്സി ഫ്ളാറ്റിൽ ഇന്നലെ പുലർച്ചെ നാലിനായിരുന്നു അപകടം.
കൂട്ടുകാരിയുടെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനാണ് ഷെദ ഫ്ളാറ്റിലെത്തിയത്. ആഘോഷം പുലരുവോളം നീണ്ടു. അതിനിടെ ബാൽക്കണിയിൽ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് വെള്ളയിൽ പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ശബ്ദംകേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷെദ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കടവത്തൂരിലെ ഹോമിയോ ഡോക്ടർ അബൂബക്കർ - ഡോ. മുനീറ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഡോ. അശ്മിൽ (യു.കെ), ശെദൽ (മെഡിക്കൽ വിദ്യാർത്ഥി, മംഗളൂരു).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |