മുംബയ്: എം.ടിയുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത് 1990ൽ പുറത്തിറങ്ങിയ താഴ്വാരം സിനിമയിലെ വില്ലൻ വേഷത്തിലൂടെ (രാഘവൻ) മലയാളികളുടെ മനസിൽ ഇടം പിടിച്ച പ്രമുഖ സിനിമാ, സീരിയൽ നടൻ സലിം അഹമ്മദ് ഘൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ നിരവധി അവിസ്മരണീയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച അദ്ദേഹം, 1978ലെ ഹിന്ദി ചിത്രം 'സ്വർഗ് നരകിലൂടെയാണ്' വെള്ളിത്തിരയിലെത്തിയത്. ദ്രോഹി, കൊയ്ല, സോൾജിയർ, അക്സ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും വെട്രി വിഴാ, ചിന്ന ഗൌണ്ടർ, തിരുടാ തിരുടാ തുടങ്ങിയ തമിഴ്ചിത്രങ്ങളിലും അഭിനയിച്ചു. 1987ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത 'സുഭഹ്' എന്ന പരമ്പരയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടനടനായി. യേ ജോ ഹെ സിന്ദഗി, എക്സ് സോൺ, സംവിധാൻ, ശ്യാം ബെനഗലിന്റെ ഭാരത് ഏക് ഖോജ് എന്നീ പരമ്പരകളിലെ വേഷങ്ങൾ പ്രേക്ഷക ശ്രദ്ധനേടി. അനിത ഘൗസാണ് ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |