തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പന നടപ്പിലായാൽ വീടുകൾ മദ്യശാലയാകുമെന്ന വാദത്തിൽ കഴമ്പില്ലെന്ന് ബെവ്‌കോ എംഡി ഹർഷിത അത്തല്ലൂരി. മദ്യത്തിൽ നിന്ന് അധികം വരുമാനം നേടാൻ സമഗ്ര പദ്ധതി സർക്കാരിന് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റസ്റ്റോറന്റുകളിൽ ടാപ്പിലൂടെ ഇൻസ്റ്റന്റ് ബിയർ കൊടുക്കാൻ അനുമതി വേണമെന്നും ഹർഷിത അത്തല്ലൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ചെറിയ ബ്രൂവെറികളിൽ തത്സമയ ബിയർ നിർമിക്കാൻ അനുവദിക്കണം, ഓൺലൈൻ മദ്യവിൽപ്പന വന്നാൽ വീടുകൾ മദ്യശാലയാകുമെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ ഇന്നല്ലെങ്കിൽ നാളെ ബെവ്കോയുടെ ശുപാർശ അംഗീകരിക്കും, കേരളത്തിൽ ആവശ്യത്തിന് മദ്യശാലകൾ ഇല്ല. ഓൺലൈൻ മദ്യവിൽപ്പനയെന്ന ആശയം നടപ്പിലായാൽ 500 കോടി അധിക വരുമാനം ലഭിക്കും. 283 മദ്യഷോപ്പുകൾ മാത്രമാണ് കേരളത്തിലുളളത്.
കർണാടകയിലും തമിഴ്നാട്ടിലും 5000ൽപരം ഷോപ്പുകളാണുളളത്. അതുകൊണ്ടാണ് കേരളത്തിൽ മദ്യശാലകൾക്ക് മുന്നിൽ തിരക്കുകൾ ഉണ്ടാകുന്നത്. സർക്കാർ അനുകൂല നിലപാടല്ല എടുത്തിരിക്കുന്നത്. അവർ ആലോചിക്കട്ടെ. ഷോപ്പുകളിൽ നിന്നും വാങ്ങുന്നവരും വീട്ടിൽ കൊണ്ടുപോയാണ് മദ്യപിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് ഇപ്പോൾ മദ്യം വാങ്ങി കൊടുക്കുന്നില്ലെന്ന് എങ്ങനെ പറയാൻ കഴിയും? നിയമവിരുദ്ധമായി മദ്യം വാങ്ങുന്നെങ്കിൽ തടയേണ്ടത് എക്സൈസും പൊലീസുമാണ്. നിയമാനുസൃതമായ ബിസിനസാണ് ബെവ്കോ ചെയ്യുന്നത്. അതിൽ കൂടുതൽ ലാഭമുണ്ടാക്കുകയാണ് ലക്ഷ്യം.
വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വരുമാനം കുറയുമെന്ന ധനവകുപ്പിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. നികുതി ഘടനമാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കട്ടെ. മദ്യപാനമാണ് ക്രൈമിന് കാരണമെന്ന് പൂർണമായും പറയാനാകില്ല'-ഹർഷിത അത്തല്ലൂരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |