കണ്ണൂർ: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിന്റെ നിയമനം മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്ന് മുതിർന്ന സിപിഎം നേതാവ് എംവി ജയരാജൻ. പൊലീസ് മേധാവിയുടെ വിഷയം രാഷ്ട്രീയമായ നിലപാട് സ്വീകരിക്കേണ്ട പ്രശ്നമല്ലെന്നും സർക്കാർ തങ്ങൾക്ക് മുന്നിലെത്തിയ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുകായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് സർക്കാരാണെന്നും ജയരാജൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
'രാഷ്ട്രീയമായി നോക്കുമ്പോൾ പല പൊലീസ് ഉദ്യോഗസ്ഥരും പല ഘട്ടങ്ങളിലും സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സംഘടനകൾക്കുമൊക്കെ എതിർപ്പുയർത്തിയ നടപടി കൈക്കൊണ്ടവരിൽ ഉണ്ടാകാം. കൂത്തുപറമ്പ് വെടിവയ്പ്പിന്റെ കാര്യത്തിൽ റവാഡ ഉൾപ്പടെയുള്ള ആളുകൾക്കെതിരെ അന്ന് ആക്ഷേപം ഉന്നയിച്ചതാണ്. റവാഡ ഒറ്റയ്ക്കല്ല, ഇവരെല്ലാം ചേർന്നുകൊണ്ടാണ് അന്നത്തെ ലാത്തിച്ചാർജിനും വെടിവയ്പ്പിനുമൊക്കെ ഇടയാക്കിയ സംഘർഷമുണ്ടായത്. ഡിവൈഎസ്പിയായിരുന്ന ഹക്കീം ബത്തേരിയുടെ നേതൃത്വത്തിലാണ് മന്ത്രി എംവി രാഘവൻ അന്ന് കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിൽ എത്തിയത്. പിന്നാലെയാണ് സംഘർഷമുണ്ടായതും വെടിവയ്പ്പുണ്ടായതും. അന്ന് കൂട്ടത്തിലുള്ള ഒരു ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ'- പി ജയരാജൻ പറഞ്ഞു.
ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ച നിധിൻ അഗർവാളിനെതിരെ സിപിഎം നിയമപരമായി നീങ്ങിയതിനെക്കുറിച്ചും ജയരാജൻ വ്യക്തമാക്കി. ഇപ്പോഴത്തെ പാർട്ടിയുടെ കൂത്തുപറമ്പ് ഏരിയ സെക്രട്ടറിയായ എം സുകുമാരനെ ലോക്കപ്പിൽ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായിരുന്നു നിതിൻ അഗർവാൾ. സുകുമാരൻ അദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. അന്ന് അത്തരം നടപടികൾക്കെതിരെ സിപിഎമ്മും മറ്റ് പ്രസ്ഥാനങ്ങളും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്'- പി ജയരാജൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |