തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിനെത്തുന്ന എല്ലാവർക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. വി.ജോയിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തിരുവിതാംകൂർ ദേവസ്വം ബോർഡ്, പൊലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയർഫോഴ്സ്, ലീഗൽ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ- പൊതുവിതരണം, ഇറിഗേഷൻ, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ബി.എസ്.എൻ.എൽ, ജല അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ നടപടിയെടുത്തു.
നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തും. 12 എമർജൻസി മെഡിക്കൽ സെന്ററുകൾ ആരംഭിക്കും. കരിമല റൂട്ടിൽ വനംവകുപ്പുമായി സഹകരിച്ച് മെഡിക്കൽ സെന്ററുകൾ തുടങ്ങും. കാർഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്തും. റോഡുകളുടെ അറ്റകുറ്റപ്പണിക്കും കാനന പാതകളിൽ ഭക്തർക്ക് സൗകര്യവും സംരക്ഷണവും ഒരുക്കുന്നതിനും നടപടിയെടുക്കും. തീർത്ഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ ദർശനം ഉറപ്പാക്കും.
# സഞ്ചാരപാതയും
മുൻകൂട്ടി അറിയാം
തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ മുൻകൂട്ടി സ്വീകരിക്കുന്നതിനായി തീർത്ഥാടകർ ഏതുപാതയാണ് തിരഞ്ഞെടുക്കുന്നത് എന്ന വിവരം വെർച്ച്വൽ ക്യൂവിലുൾപ്പെടുത്തും. തിരക്ക് കുറഞ്ഞ ദിവസം ഭക്തർക്ക് തിരഞ്ഞെടുക്കാം. ഓരോ ദിവസത്തേക്കും ബുക്ക് ചെയ്തിരിക്കുന്നവരുടെ എണ്ണം ജില്ലാ ഭരണകൂടത്തിനും പൊലീസിനും മറ്റു വകുപ്പുകൾക്കും മുൻകൂട്ടി ലഭ്യമാക്കും. വെർച്ച്വൽ ക്യൂ രജിസ്ട്രേഷനിലൂടെ തീർത്ഥാടകരുടെ വിശദാംശങ്ങൾ ഡിജിറ്റൽ രേഖയാവും. ഇത് ശബരിമലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങളും കൂട്ടംതെറ്റലുകളും സംഭവിച്ചാൽ ആളുകളെ കണ്ടെത്തുന്നതിനും ഉതകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |