
ബംഗളൂരു: കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. ഗർഭിണിയായ പത്തൊമ്പതുകാരിയെ പിതാവും സഹോദരനും ബന്ധുവും ചേർന്ന് വെട്ടിക്കൊന്നു. മന്യ പാട്ടീലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി ഇനാം വീരാപുര ഗ്രാമത്തിൽ ഞയറാഴ്ചയായിരുന്നു സംഭവം.
ഗ്രാമത്തിലെ ലിംഗായത്തു സമുദായത്തിൽപ്പെട്ട മന്യയും ദളിത് വിഭാഗത്തിൽപ്പെട്ട വിവേകാനന്ദയും കഴിഞ്ഞ മേയിലാണ് വിവാഹിതരായത്. ബിരുദ വിദ്യാർത്ഥികളായിരുന്നു ഇരുവരും. മന്യയുടെ കുടുംബത്തിന്റെ എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം. തുടർന്ന് ഇരുവരും ഹാവേരിയിലേക്കു താമസം മാറി. മന്യ ഗർഭിണിയായതോടെ കഴിഞ്ഞ ഒമ്പതിന് ഇവർ ഗ്രാമത്തിലെത്തി.
പിന്നാലെ മന്യയുടെ വീട്ടുകാർ വിവേകാനന്ദയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെ പൊലീസ് ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി ചർച്ച ചെയ്തു. എന്നാൽ ഞായറാഴ്ച വൈകിട്ട് മന്യയുടെ അച്ഛൻ പ്രകാശ് ഗൗഡ പാട്ടീലും സഹോദരൻ അരുൺ അടക്കമുള്ള സംഘം ഇവരുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിവേകാനന്ദയുടെ അച്ഛൻ, അമ്മ, ബന്ധു അടക്കം വീട്ടിലുണ്ടായിരുന്ന എല്ലാവർക്കും വെട്ടേറ്റു. പരുക്കേറ്റ മന്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നാലുമാസം ഗർഭിണിയായിരുന്നു മന്യ. ഗുരുതരമായി പരുക്കേറ്റ വിവേകാനന്ദയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |