
കൊച്ചി: ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതോടെ സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ശബരിമല വിമാനത്താവളത്തിനായുള്ള കാത്തിരിപ്പ് തുടരും. എരുമേലിക്ക് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റും ചുറ്റുമുള്ള പ്രദേശങ്ങളുമടക്കം 2,570 ഏക്കർ ഏറ്റെടുക്കാനുള്ള വിജ്ഞാപനമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയും. എന്നാൽ ഈ സർക്കാരിന്റെ കാലത്ത് തീർപ്പുണ്ടാകാൻ ഇടയില്ല. ഇത്രയേറെ ഭൂമി അനിവാര്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ നടപടി. ഭാവി വികസനത്തിന് ഇത്രയും ഭൂമി വേണമെന്ന സർക്കാരിന്റെ വാദം തള്ളി.
പദ്ധതിക്കുള്ള ഭൂമിയുടെ കൃത്യമായ അളവ് (ബെയർ മിനിമം) നിർണയിക്കാൻ നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ച് പുതിയ സാമൂഹികാഘാത പഠനം നടത്തണം. പഠന സംഘത്തിൽ വിമാനത്താവളം, അണക്കെട്ട് തുടങ്ങിയ പദ്ധതികളെക്കുറിച്ച് സാങ്കേതികമായി അറിവും പരിചയവുമുള്ള വിദഗ്‌ദ്ധരെ ഉൾപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
തൃക്കാക്കര ഭാരത മാതാ കോളേജിലെ സോഷ്യൽ ഇംപാക്‌ട് അസസ്‌മെന്റ് യൂണിറ്റ് തയ്യാറാക്കിയ സാമൂഹികാഘാത പഠന റിപ്പോർട്ട്, വിദഗ്ദ്ധ സമിതി റിപ്പോർട്ട്, പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2020 ജൂൺ 18ന് സർക്കാർ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം എന്നിവയാണ് റദ്ദാക്കിയത്.
എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ അതു കൈവശം വച്ചിരിക്കുന്ന തിരുവല്ലയിലെ മഞ്ഞാടി ആസ്ഥാനമായ അയന ചാരിറ്റബിൾ ട്രസ്റ്റ് (പഴയ ഗോസ്‌പൽ ഫോർ ഏഷ്യ), മാനേജിംഗ് ട്രസ്റ്റി സിനി പുന്നൂസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒന്നിലേറെ ഉത്തരവുകളും, അശാസ്ത്രീയമായ പഠനറിപ്പോർട്ടുകളും ഉപയോഗിച്ച് എസ്റ്റേറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഹർജി നൽകിയത്.
വേണ്ടത് 1,200 ഏക്കർ മാത്രം
വലിയ വിമാനങ്ങൾ വന്നുപോകുന്ന വിമാനത്താവളങ്ങൾക്ക് പോലും 1,200 ഏക്കർ ഭൂമി മതിയെന്ന് കോടതി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ ഏറ്റെടുക്കുന്ന ഭൂമിയിൽ കുറവ് വരാം. എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെ കണക്കാണ് കോടതി ചൂണ്ടാക്കാട്ടിയത്.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ആവശ്യമായ കുറഞ്ഞ അളവ് മാത്രമേ ഏറ്റെടുക്കാവൂ.
2,570 ഏക്കർ എന്താവശ്യത്തിനെന്ന് വ്യക്തമാക്കുന്നതിൽ സാമൂഹികാഘാത പഠന യൂണിറ്റും വിദഗ്ദ്ധ സമിതിയും സർക്കാരും പരാജയപ്പെട്ടെന്നാണ് കോടതി കണ്ടെത്തിയത്.
എന്തൊക്കെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും അതിന് എത്ര ഭൂമി ആവശ്യമാണെന്നും റിപ്പോർട്ടുകളിൽ കൃത്യമായി പറഞ്ഞിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |