SignIn
Kerala Kaumudi Online
Tuesday, 23 December 2025 2.45 AM IST

ബുലന്ദ്ഷെഹർ ദേശീയപാതാ കൂട്ടമാനഭംഗക്കേസ്: പ്രതികൾക്ക് ജീവപര്യന്തം

Increase Font Size Decrease Font Size Print Page
s

ന്യൂഡൽഹി: ഉത്തർപ്രദേശ് ബുലന്ദ്ഷെഹർ ദേശീയപാതാ കൂട്ടമാനഭംഗക്കേസിലെ 5 പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും, 1.81 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ബുലന്ദ്ഷെഹർ അഡിഷണൽ സെഷൻസ് (പോക്‌സോ) കോടതി ജഡ്‌ജി ഓം പ്രകാശാണ് വിധി പ്രഖ്യാപിച്ചത്. 2016ലെ സംഭവത്തിൽ ഒമ്പതു വർഷത്തിനു ശേഷമാണ് ശിക്ഷ. ദേശീയപാതാ 91ൽ ബന്ധുക്കളെ കെട്ടിയിട്ട് അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്‌ത ശേഷം സ്വർണാഭരണങ്ങളും പണവും കവർന്ന കേസാണിത്. ഉത്തർപ്രദേശ് ഫറൂഖാബാദ് സ്വദേശികളായ ജിതേന്ദർ സിംഗ് ധരംവീർ,സന്ദീപ് എന്ന നരേഷ്,സാഗർ കുമാർ എന്ന സുനിൽ,കനൗജിലെ സുബൈർ,മുഹമ്മദ് സാജിദ് എന്നിവരാണ് പ്രതികൾ. തൂക്കുകയർ നൽകാത്തതിൽ കുടുംബം നിരാശ പ്രകടിപ്പിച്ചു. ഇത്തരം ക്രൂരത കാട്ടുന്ന പ്രതികളെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തണമെന്ന ശക്തമായ സന്ദേശമാണ് വിധിയെന്ന് സർക്കാർ അഭിഭാഷകൻ വരുൺ കൗശിക് പ്രതികരിച്ചു. കേസിൽ ആദ്യം 11 പ്രതികളാണുണ്ടായിരുന്നത്. ഒന്നാംപ്രതി സലീം ബാവരിയ വിചാരണയ്‌ക്കിടെ 2019ൽ അസുഖബാധിതനായി മരിച്ചു. രണ്ടു പ്രതികൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നിരപരാധികളായ മൂന്നു പേരെ യു.പി പൊലീസ് കുടുക്കുകയായിരുന്നുവെന്ന് കണ്ട് കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

മനഃസാക്ഷി മരവിപ്പിച്ച

ക്രൂരകൃത്യം

2016 ജൂലായ് 28ന് അർദ്ധരാത്രിയായിരുന്നു സംഭവം. വിവാഹചടങ്ങിൽ പങ്കെടുക്കാൻ ആറംഗ കുടുംബം കാറിൽ നോയിഡയിൽ നിന്ന് ഷാജഹാൻപൂരിലേക്ക് പോകുകയായിരുന്നു. കാർ തടഞ്ഞുനിറുത്തി സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. പുരുഷന്മാരെ കെട്ടിയിട്ട് അമ്മയെയും മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി. അതിനുശേഷം കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്ന ശേഷം സംഘം രക്ഷപ്പെട്ടു.

പൊലീസിന് വൻവീഴ്ച

സംഭവത്തിനു പിന്നാലെ കുടുംബം സഹായത്തിനായി പൊലീസിന്റെ സഹായം അഭ്യർത്ഥിച്ചെങ്കിലും നടപടിയുണ്ടായില്ല. ദേശീയപാതയിലെ സ്ഥിരംകവർച്ചയെന്ന് ലഘൂകരിച്ചു. എസ്.എസ്.പി അടക്കം 17 പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. വൻവിവാദമായ സംഭവത്തിൽ അതിവേഗ നടപടിയുണ്ടായെന്ന് കാണിക്കാൻ നിരപരാധികളെ പ്രതികളാക്കി ജയിലിൽ അടച്ചു. യുവാക്കൾ മാദ്ധ്യമങ്ങൾക്കു മുന്നിൽ തങ്ങൾ നിരപരാധികളാണെന്ന് പൊട്ടിക്കരഞ്ഞു. കുടുംബം തിരിച്ചറിയൽ പരേഡ് ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2016 ആഗസ്റ്റിൽ സി.ബി.ഐ കേസ് ഏറ്രെടുത്തതിനു പിന്നാലെ ജയിലിൽ തിരിച്ചറിയൽ പരേഡ് നടത്തിയപ്പോൾ അറസ്റ്റിലായവർ പ്രതികളല്ലെന്ന് മനസിലാക്കി. ഹരിയാന പൊലീസ് കൈമാറിയ രഹസ്യവിവരത്തിന്റെയും കൂടി അടിസ്ഥാനത്തിൽ സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് ഗ്യാംഗിലെ മുഴുവൻ അംഗങ്ങളെയും തിരിച്ചറിഞ്ഞത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.