
തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. മെരിറ്റിൽ 2,41,104 പേർ ഇടം നേടി. 21ന് വൈകിട്ട് 5 വരെ സ്കൂളുകളിൽ പ്രവേശനം നേടാം. ആകെ മെരിറ്റ് സീറ്റുകൾ 3,03,409. വിവിധ സംവരണ വിഭാഗങ്ങളിൽ അപേക്ഷകരില്ലാത്ത 62,305 സീറ്റുകൾ മൂന്നാമത്തെ അലോട്ട്‌മെന്റിൽ മെരിറ്റിലേക്ക് മാറ്റും. രണ്ടാംഘട്ട അലോട്ട്‌മെന്റ് 26 നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂലായ് ഒന്നിനും പ്രസിദ്ധീകരിക്കും.
അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മുഖ്യഘട്ട അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഉണ്ടാകുമെന്ന് കോട്ടൺഹിൽ സ്‌കൂളിൽ പ്രവേശന നടപടികൾ നിരീക്ഷിക്കാനെത്തിയ മന്ത്രി ശിവൻകുട്ടി അറിയിച്ചു. ഇതുവരെ അപേക്ഷിക്കാത്തവർക്ക് ജൂലായ് അഞ്ചിനു ശേഷമുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാനാകും.
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ആകെ 30660 മെരിറ്റ് സീറ്റുകളിൽ 53977 വിദ്യാർത്ഥികളാണ് അപേക്ഷിച്ചത്. അതിൽ 25758 പേർക്കാണ് അലോട്ട്മെന്റായത്. ആദ്യ ഓപ്ഷൻ ലഭിച്ചത് 13366 വിദ്യാർത്ഥികൾക്കാണ്. 21ന് വൈകിട്ട് നാലു വരെ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവർക്ക് സ്ഥിരംപ്രവേശനവും അല്ലാത്തവർക്ക് താത്കാലിക പ്രവേശനവും നേടാം. രണ്ട് തരത്തിലും പ്രവേശനം നേടാത്തവർ അഡ്മിഷൻ പ്രക്രിയയിൽ നിന്ന് പുറത്താകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |