
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി വിവാദത്തിൽ പ്രതികരിച്ച് മുൻ മന്ത്രി എ കെ ബാലൻ. ജമാഅത്തെയുടെ വക്കീൽ നോട്ടീസ് ലഭിച്ചെന്നും മാപ്പ് പറയാൻ മനസില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാത്തെ ഇസ്‌ലാമി ആഭ്യന്തരം കയ്യാളുമെന്നും മാറാട് ആവർത്തിക്കുമെന്നുമെന്ന തരത്തിലുള്ള വിവാദ പ്രസ്താവനകൾ അദ്ദേഹം നേരത്തെ നടത്തിയിരുന്നു.
'ഞാൻ പറഞ്ഞതിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നിരുപാധികം മാപ്പുപറയണമെന്നുമുള്ള വക്കീൽ നോട്ടീസാണ് കിട്ടിത്. അതൊന്നും കൊടുക്കാൻ എനിക്ക് മനസില്ല. അതിന്റെ ഭാഗമായി ജയിലിൽ പോകാനാണ് വിധിയെങ്കിൽ അത് സന്തോഷപൂർവം സ്വീകരിച്ചിട്ട് ജയിലിൽ പോകും. വിദ്യാർത്ഥി ജീവിതത്തിൽ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് 30 ദിവസം കണ്ണൂർ ജയിലിൽ കിടന്നയാളാണ് ഞാൻ. മന്ത്രിയായിരുന്ന സമയത്ത് എന്റെ പേരിലുള്ള കേസിൽ ഒറ്റപ്പാലം കോടതി രണ്ടര വർഷം ശിക്ഷിച്ചിരുന്നു. അതിന്റെ പേരിൽ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് കേസും കോടതിയും എന്നെ സംബന്ധിച്ചടത്തോളം പുത്തരിയല്ല.
നോട്ടീസിൽ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്. 60 വർഷത്തിലേറെയായി ഞാൻ പൊതുപ്രവർത്തനരംഗത്തുണ്ട്. അത് പൊതുജനങ്ങളിൽ ഒരു രൂപത്തിലുമുള്ള ആക്ഷേപവും ഉണ്ടാക്കിയിട്ടില്ല. ജമാ അത്തെയുടെ വക്കീൽ നോട്ടീസ് കിട്ടി. എന്നെ മതന്യൂനപക്ഷ വിരുദ്ധനാക്കാൻ ശ്രമിച്ചു. ന്യൂനപക്ഷക്കാർക്കായി ശബ്ദിക്കേണ്ടയിടത്ത് ശബ്ദിച്ചിട്ടുണ്ട്. ഇത് അവസാനം വരെയുണ്ടാകും. എനിക്കെതിരെ നോട്ടീസ് അയച്ചവരുടെ നയം എന്താണെന്ന് വ്യക്തമാക്കണം.
ഇന്ത്യൻ ഭരണഘടന അനുസരിക്കുന്ന വ്യക്തിയാണ് ഞാൻ. അവരുടെ ലക്ഷ്യം എന്താണ്? ഔദ്യോഗിക ജീവിതത്തിൽ എതിരാളികളുമായി ഏറ്റുമുട്ടുമ്പോൾ സഭ്യമായ ഭാഷയിലാണ് പെരുമാറുന്നത്. മാതൃകാപരമായ പൊതുപ്രവർത്തനമാണ് നടത്തുന്നത്. അതിന്റെ തുടർച്ചയായാണ് കെപി കേശവമേനോൻ ട്രസ്റ്റിന്റെ പുരസ്‌കാരം ലഭിച്ചത്. മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാക്കളും എനിക്ക് പിന്തുണ നൽകിയിട്ടുണ്ട്'- ബാലൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |