
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ കമ്മിഷൻ വർദ്ധിപ്പിക്കും. കുറഞ്ഞത് 45 ക്വിന്റൽ ധാന്യം വില്പനയുള്ള വ്യാപാരിക്ക് മാസവേതനമായി 20,000 മുതൽ 21,000 രൂപ ലഭിക്കുന്ന പാക്കേജാണ് തയ്യാറാക്കുന്നത്. നിലവിൽ 18,000 രൂപയാണ് ലഭിക്കുന്നത്. 45നുശേഷം വരുന്ന ഓരോ ക്വിന്റലിനും 150 രൂപയിൽ നിന്ന് 170 മുതൽ 180 വരെ ആക്കും. 45 ക്വിന്റൽ വില്പനയുള്ള വ്യാപാരിക്ക് മാസവേതനമായി 22,500 രൂപ നൽകണം, 45നുശേഷം വരുന്ന ഓരോ ക്വിന്റലിനും 200രൂപ തുടങ്ങിയ നിർദ്ദേശങ്ങളോടെ
ഭക്ഷ്യവകുപ്പ് നിയോഗിച്ച സമിതി കഴിഞ്ഞ മാർച്ചിൽ നൽകിയ റിപ്പോർട്ട് ധനവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടു. ആവശ്യങ്ങൾ നടപ്പിലാക്കിയാൽ സർക്കാരിന് അധിക ബാദ്ധ്യതയാകുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്നാണ് റിപ്പോർട്ട് ഭാഗികമായി നടപ്പിലാക്കാനുള്ള നീക്കം ആരംഭിച്ചത്. അടുത്തമാസം ധനവകുപ്പ്, ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പാക്കേജിന് അന്തിമരൂപം നൽകും. ശേഷം മന്ത്രി ജി.ആർ.അനിൽ റേഷൻ വ്യാപരി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി വേതനവർദ്ധന പ്രഖ്യാപിക്കും. കൺട്രോളർ ഒഫ് റേഷനിംഗ്, ഭക്ഷ്യപൊതുവിതരണ വകുപ്പിലെ വിജിലൻസ് ഓഫീസർ, ലാ ഓഫീസർ എന്നിവരടങ്ങുന്ന സമിതിയാണ് വേതനംപാക്കേജ് പരിഷ്കരിച്ചുകൊണ്ട് റിപ്പോർട്ട് നൽകിയത്.
അരി വിലകൂട്ടി പണം കണ്ടെത്താം
നീല റേഷൻകാർഡുകാർക്ക് നൽകുന്ന അരിയുടെ വില കിലോയ്ക്ക് 4 നിന്ന് 6 രൂപയാക്കുന്നതിലൂടെ കമ്മിഷൻ വർദ്ധനയ്ക്ക് അധികം വേണ്ടി വരുന്ന തുക കണ്ടെത്താനാകും. നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതിനാൽ നിർദ്ദേശം പൂർണമായി നടപ്പിലാക്കിയാൽ തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് സർക്കാർ.
വെള്ളക്കാർഡിലെ ഒരു കിലോ അരിക്ക് വ്യാപാരികൾ നൽകുന്ന 8.90 രൂപയിൽ 60പൈസ സംസ്ഥാന സർക്കാർ
വ്യാപാരി ക്ഷേമനിധിയിലേക്ക് അടയ്ക്കണം, കടകൾക്ക് പഞ്ചായത്ത് ലൈസൻസ് ഒഴിവാക്കണം.
മറ്റ് നിർദ്ദേശങ്ങൾ
റേഷൻ കടകളുടെ എണ്ണം 13,872ൽ നിന്ന് 10000മാക്കി ക്രമീകരിക്കണം
15 ക്വിന്റലിൽ താഴെ വിൽപ്പനയുള്ള കടകൾ അവസാനിപ്പിക്കണം
ഒരു ലൈസൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു കടകളെ ഒരു കടയിൽ ലയിപ്പിക്കണം
പഞ്ചസാര കമ്മിഷൻ കിലോയ്ക്ക് 1.50രൂപയും മണ്ണെണ്ണയ്ക്ക് 5 രൂപയുമാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |