SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.25 PM IST

റേഷൻ അരി വിതരണം: സപ്ലൈകോ മാറിയാൽ എല്ലാം ശരിയാകുമോ?

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: റേഷൻ വിതരണത്തിന്റെ ചുമതല സപ്ലൈകോയിൽ നിന്ന് പൊതുവിതരണ വകുപ്പിന് കൈമാറുന്നതോടെ ക്രമക്കേടുകൾ അവസാനിക്കുമോയെന്ന് കാത്തിരുന്നു കാണണം.

സപ്ലൈകോയിൽ വൻക്രമക്കേട് ധനവകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

എൻ.എഫ്.എസ്.ഐ ഗോഡൗണുകളുടെ നടത്തിപ്പ്, ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം എന്നിവയുടെ ചുമതലയാണ് ഏപ്രിൽ ഒന്നു മുതൽ പൊതുവിതരണ വകുപ്പിന് നൽകിയിരിക്കുന്നത്.

പ്രതിവർഷം ശരാശരി ആയിരം ടൺ അരി കരിഞ്ചന്തയിലേക്ക് പോകുന്നുവെന്ന് കണ്ടെത്തിയിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരുന്നില്ല.

2021 ജൂൺ മുതൽ 2025 ആഗസ്റ്റ് 15 വരെ എൻ.എഫ്.എസ്.ഐ ഗോഡൗണുകളിൽ ജില്ലാ സപ്ലൈ ഓഫീസർമാർ, സിവിൽ സപ്ലൈസ് വകുപ്പ് സ്‌പെഷൽ സ്‌ക്വാഡ്, സപ്ലൈകോ വിജിലൻസ് തുടങ്ങിയവർ നടത്തിയ പരിശോധനയിൽ 4,300 ടൺ അരിയുടെ കുറവ് കണ്ടെത്തിയിരുന്നു. കടത്താനായി ഗോഡൗണുകളിൽ സൂക്ഷിച്ച 75 ടണ്ണും കടത്തിയതിൽ നിന്ന് 130 ടണ്ണും തിരിച്ചുപിടിച്ചു.

സപ്ലൈകോയിൽ സ്വന്തം ജീവനക്കാർക്കുപുറമേ, ഡെപ്യൂട്ടേഷനിൽ പൊതുവിതരണ വകുപ്പിലെ ജീവനക്കാരുമുണ്ട്. കുറ്റം മുഴുവൻ സപ്ലൈകോയിൽ ചാരുന്നതിൽ ഒരു വിഭാഗം ജീവനക്കാർക്ക് പ്രതിഷേധവുമുണ്ട്. താൽക്കാലിക ജീവനക്കാരെ നിലനിറുത്തുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.

18 രൂപയ്ക്ക് കടത്തും

45ന് പുറത്ത് വില്പന

ഗോഡൗണുകളിൽ നിന്നും അരി കടത്തുന്നത് കിലോഗ്രാമിന് 18 രൂപ മുതൽ 24 വരെ ഈടാക്കി

ഇതിലൂടെ കരാറുകാരും ഉദ്യോഗസ്ഥരും ലക്ഷങ്ങൾ തട്ടുന്നു

അരി മില്ലുകളിൽ എത്തി പോളിഷ് ചെയ്ത് ബ്രാൻഡ‌ഡ് അരിയാകും

ബ്രാൻഡഡ് അരിയുടെ കുറഞ്ഞ വില ₹45

അന്വേഷണം വകുപ്പ്തലത്തിൽ ഒതുക്കും

അരികടത്ത് കണ്ടെത്തിയാലും വകുപ്പുതല നടപടി മാത്രമാണ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുന്നത്. പൊലീസ് കേസിലേക്ക് പോകാറില്ല.

2024 ഡിസംബറിൽ കോന്നിയിലെ ഗോഡൗണിൽ നിന്ന് 94.3 ടൺ കടത്തിയതിന് ഒരു ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. രണ്ടുപേരെ സ്ഥലം മാറ്റി.

ഇടമലക്കുടിയിലെ ഗോത്രവർഗക്കാർക്ക് നൽകാനുള്ള റേഷനരിയിൽ നിന്നാണ് 10 ടൺ കടത്തിയത് രണ്ടു പേരെ ചുമതലയിൽ നിന്നു നീക്കിയിരുന്നു. ഇങ്ങനെയൊക്കെയാണ് വകുപ്പ്തല നടപടികളുടെ പോക്ക്.

TAGS: RATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY