ഇരിങ്ങാലക്കുട:കറുത്ത നിറത്തിന്റെ പേരിൽ 'പൂണൂലിട്ട പുലയൻ' എന്ന് വിളിച്ച് മുൻ ക്ഷേത്ര ഭരണസമിതി അംഗമായ സ്ത്രീ അധിക്ഷേപിച്ചെന്ന പരാതിയുമായി മുൻ മേൽശാന്തി.കാരുകുളങ്ങര നരസിംഹ ക്ഷേത്രത്തിലെ മുൻ മേൽശാന്തി എമ്പ്രാന്തിരി സമുദായത്തിൽപ്പെട്ട വി.വി.സത്യനാരായണനാണ് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.ബിംബത്തിൽ പൂക്കൾ അർപ്പിക്കുന്നവനെ വിളിക്കേണ്ടത് 'പൂണൂലിട്ട പുലയൻ' എന്നാണെന്ന് ക്ഷേത്രം സെക്രട്ടറിയായിരുന്ന സ്ത്രീയോട് പറയുന്നതിന്റെ വോയ്‌സ് ക്ളിപ്പ് സഹിതമാണ് പരാതി നൽകിയത്.ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ താൻ പങ്കാളിയാണെന്ന് വിശ്വസിച്ചാകാം അധിക്ഷേപിച്ചതെന്ന് സത്യനാരായണൻ പറഞ്ഞു.ചാഴൂർ കോവിലകത്തിന്റേതായിരുന്നു ക്ഷേത്രം.പിന്നീട് എൻ.എസ്.എസിന് നടത്തിപ്പിനായി നൽകി.പരാതികളെ തുടർന്ന് കോവിലകം ഏറ്റെടുത്തു.നിലവിൽ എൻ.എസ്.എസ് കാരുമാത്ര യൂണിറ്റാണ് ക്ഷേത്രം നടത്തുന്നതെന്നും അതാേടെയാണ് ജൂൺ ഒന്നിന് തന്നെ പുറത്താക്കിയതെന്നും സത്യനാരായണൻ പറയുന്നു.ക്ഷേത്രത്തിൽ ജാതിവിവേചനം നടന്നിരുന്നുവെന്നും ഇത് എതിർത്തപ്പോൾ ഭരണസമിതിലെ വനിത മർദ്ദിച്ചതായും മുൻ സെക്രട്ടറി ജലജ മേനോൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ക്ഷേത്രത്തിലെ ജാതിവിവേചനവും അഴിമതിയും നടന്നിരുന്നതായി കോവിലകം കുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു.
പ്രതിഷേധം വ്യാപകം
പൂജാരിയെ അധിക്ഷേപിക്കാൻ ജാതിപ്പേര് ഉപയോഗിച്ച്,പട്ടികജാതിയേയും,കറുപ്പ് നിറമുളളവരേയും വിലകുറച്ച് കാണിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.കെ.എസ് ജില്ലാ സെക്രട്ടറി കെ.വി.രാജേഷ്.മനുഷ്യർ തുല്യരാണെന്ന സന്ദേശം ഉയർത്തി പി.കെ.എസിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് നവോത്ഥാന സദസ് സംഘടിപ്പിക്കും.പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശിവരാമൻ ഉദ്ഘാടനവുംസ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യപ്രഭാഷണവും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ അറിയിച്ചു.സംഭവത്തിൽ അഖിലേന്ത്യ ദളിത് അവകാശ സമിതി (എ.ഐ.ഡി.ആർ.എം) ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത് പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |