
ശിവഗിരി: ജാതിമത ചിന്തകൾക്കതീതമായ മനുഷ്യത്വത്തെയും സാഹോദര്യത്തെയും ലോകത്തിനു കാട്ടിക്കൊടുത്ത യഥാർത്ഥ വിശ്വഗുരുവാണ് ശ്രീനാരായണഗുരു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്തെ മുഴുവൻ രക്ഷിക്കാനുള്ള ദർശനമഹിമയാണ് ഗുരു പകർന്നുനൽകിയത്. 93ാമത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഗുരുവിന്റെ 'സോദരത്വേന' എന്ന സന്ദേശം നമ്മുടെ ഭരണഘടനയുടെ ആമുഖ വചനങ്ങളിൽ വരെ ഇടം പിടിച്ചിട്ടുണ്ട്. ലോകം നേരിടുന്ന ഏതു സംഘർഷങ്ങൾക്കും ദുരന്തങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുന്ന സർവരോഗനിവാരിണി കൂടിയാണ് ഗുരുവിന്റെ മനുഷ്യസങ്കൽപ്പം. ആധുനിക കേരളത്തിന്റെ സൃഷ്ടിക്കായി ഗുരു പകർന്നുനൽകിയ സൂര്യവെളിച്ചത്തിൽ നടത്തിവരുന്ന ശിവഗിരി തീർത്ഥാടനം സാമൂഹിക പുരോഗതിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ബ്രാഹ്മണ്യത്തിന്റെയും നാടുവാഴിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും അധികാരപ്രയോഗത്തിനെതിരെ ഉയർന്ന അടിച്ചമർത്തപ്പെട്ടവന്റെ കലാപമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. ഇതോടെയാണ് 19ാം നൂറ്റാണ്ടിന്റെ അവസാനം കേരളീയ നവോത്ഥാനം ആരംഭിക്കുന്നത്.
ജാതി വ്യത്യാസത്തിന്റെ കന്മതിലുകൾ തീർത്ത ദുരവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടല്ലാതെ സ്വാതന്ത്ര്യം നേടാൻ കഴിയില്ലെന്ന് ഗുരുവിന് അറിയാമായിരുന്നു. ജാതി അന്ന് ഒരു സാമൂഹ്യവ്യവസ്ഥ മാത്രമായിരുന്നില്ല. നീചമായ ഒരു നിയമവ്യവസ്ഥ കൂടിയായിരുന്നു. നിയമലംഘനങ്ങൾക്കുള്ള ശിക്ഷാവ്യവസ്ഥകൾക്കുപോലും ജാതിഘടനയുടെ മേൽക്കീഴ് ബന്ധമുണ്ടായിരുന്നു. സവർണൻ അവർണനെ തല്ലിക്കൊന്നാൽ അയാൾക്ക് ഒരുതരം ശിക്ഷയുമില്ല. മറിച്ചായാൽ ശിക്ഷ ദണ്ഡനവും മരണവും. ജാതി ഒരു മർദ്ദനോപകരണമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ജാതി എന്നത് ഭരണകൂടം തന്നെയായിരുന്നു.
ഇത്തരമൊരു കാലസന്ധിയിൽ നിന്നുകൊണ്ടാണ് ജാതിഭേദമില്ലാതെ, മതദ്വേഷമില്ലാതെ, സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനത്തെ ഗുരു സ്വപ്നം കണ്ടത്. ആരും ആരുടെമേലും അധികാരപ്രയോഗം നടത്താത്ത, സ്വച്ഛന്ദമായ സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യ ഐക്യത്തിന്റെയും സന്ദേശം തന്നെയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ വിശിഷ്ടാതിഥി ആയിരുന്നു. മന്ത്രി വി.എൻ.വാസവൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെ.സി. വേണുഗോപാൽ എം.പി എന്നിവർ മുഖ്യാതിഥികളായി. അടൂർപ്രകാശ് എം.പി, വി.ജോയ് എം.എൽ.എ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ശിവഗിരി തീർത്ഥാടന കമ്മിറ്റി ചെയർമാൻ ഡോ.എ.വി. അനൂപ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ, കർണാടക വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ, മുരള്യ ഗ്രൂപ്പ് എം.ഡി കെ.മുരളീധരൻ, വർക്കല മുനിസിപ്പൽ ചെയർപേഴ്സൺ ഗീതാഹേമചന്ദ്രൻ, ജി.ഡി.പി.എസ് മാതൃസഭാ പ്രസിഡന്റ് അനിതാശങ്കർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വട്ടപ്ലാമൂട് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |