
തൊടുപുഴ: മാൾട്ടയിൽ ജോലിയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ ഇടുക്കി തൊടുപുഴ മുതലക്കോടത്ത് സ്ളാബിടാത്ത ഓടയിലേയ്ക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മുതലക്കോടം പറക്കുന്നേൽ വീട്ടിൽ ബെന്നി - ബിന്ദു ദമ്പതികളുടെ മകൻ ജെയ്സ് ബെന്നിയാണ് (27) മരിച്ചത്. തിങ്കളാഴ്ച രാത്രി 10.40ഓടെയായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് മുതലക്കോടത്തേക്ക് വരികയായിരുന്ന ജെയ്സ് വളവ് വീശുന്നതിനിടെ റോഡരുകിലെ ഓടയിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്‌കരം ഇന്നലെ വൈകിട്ട് 5ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ നടന്നു. സഹോദരി: അന്നാറോസ്.
അതേസമയം, ആറോളം അപകടങ്ങളുണ്ടായ ഇവിടെ സ്ലാബ് സ്ഥാപിക്കാത്തത് തൊടുപുഴ പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തിന്റെ വീഴ്ചയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കൂടാതെ സമീപത്തെ കെട്ടിട ഉടമ സൗജന്യമായി സ്ലാബ് സ്ഥാപിക്കാമെന്ന് പൊതുമരാമത്ത് അധികൃതരെ അറിയിച്ചെങ്കിലും ഇതിന് സമ്മതിച്ചില്ലെന്ന ആരോപണവുമുണ്ട്.
അപകടമരണത്തെ തുടർന്ന് യു.ഡി.എഫ് പൊതുമരാമത്ത് വകുപ്പ് ഓഫീസറുടെ കാര്യാലയം ഇന്നലെ ഉപരോധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി നിഷസോമൻ,കേരള കോൺഗ്രസ് നേതാവ് അപുജോൺ ജോസഫ്,നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബി.ജെ.പി പ്രവർത്തകരും ഓഫീസിലെത്തി ഉപരോധം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |