അയ്യപ്പ സീലിന് സുവർണ ജൂബിലി
ശബരിമല: അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തിനായി അപേക്ഷിച്ച് നൂറുകണക്കിന് കത്തുകൾ. വിവാഹത്തിനും ഗൃഹപ്രവേശ ചടങ്ങിനും അയ്യനെ ക്ഷണിച്ച് പത്രികകൾ. മണികണ്ഠന്റെ പേരിൽ മണി ഓർഡറുകൾ.
ഇത് സന്നിധാനത്തെ ശബരിമല അയ്യപ്പന്റെ സ്വന്തം പോസ്റ്റ് ഓഫീസ്. പ്രായം 61. കത്തയയ്ക്കേണ്ട വിലാസം: സ്വാമി അയ്യപ്പൻ, സന്നിധാനം പി.ഒ, ശബരിമല.
മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. കത്തുകൾ ശ്രീകോവിലിനു മുന്നിൽ സമർപ്പിച്ചശേഷം എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറും.
അന്യസംസ്ഥാന ഭക്തരടക്കം സ്വന്തം വീട്ടിലേക്ക് ഇവിടന്ന് കാർഡുകൾ വാങ്ങി അയയ്ക്കാറുണ്ട്. വീട്ടിൽ നിധിപോലെ സൂക്ഷിക്കാനാണിത്. 1974ലാണ് പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉൾപ്പെടുന്ന ലോഹ സീൽ ലഭിച്ചത്. സീലിന്റെ സുവർണ ജൂബിലി വർഷം കൂടിയാണിത്.
തുറക്കുന്നത്
സീസണിൽ
മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തും വിഷു പൂജ നടക്കുമ്പോഴുമാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുക. ഇതുകഴിയുമ്പോൾ സീൽ പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പോസ്റ്റൽ സേവനങ്ങൾക്ക് പുറമേ മൊബൈൽ റീചാർജ്, ഇൻസ്റ്റന്റ് മണി ഓർഡർഅടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. അരവണ ഓൺലൈൻ- ഓഫ്‌ലൈൻ ബുക്കിംഗ് തുടങ്ങിയ സേവനങ്ങളും, അയ്യപ്പസ്വാമിയുടെ ചിത്രം പതിച്ച മൈ സ്‌റ്റാമ്പും ലഭിക്കും. പോസ്റ്റ് മാസ്റ്റർ,ഒരു പോസ്റ്റുമാൻ രണ്ട് മൾട്ടി ടാസ്കിംഗ് സ്റ്റാഫ് എന്നിവരാണ് ഓഫീസിലുള്ളത്.
സ്വന്തം പിൻകോഡ്
രാഷ്ട്രപതി കഴിഞ്ഞാൽ രാജ്യത്ത് സ്വന്തം പിൻകോഡും ലോഹ സീലും ശബരിമല അയ്യപ്പനു മാത്രമാണ്. 689713 എന്ന പിൻകോഡിൽ 1963ലാണ് സന്നിധാനം പോസ്റ്റ് ഓഫീസ് ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |