SignIn
Kerala Kaumudi Online
Thursday, 01 October 2026 7.47 AM IST

ശബരിമലനട 14ന് തുറക്കും, ഫ്ളൈഓവർ ഒഴിവാക്കി നേരിട്ട് ദർശന സൗകര്യം

sabarimala

പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട 14ന് തുറക്കുമ്പോൾ ഫ്ളൈഓവറിൽ കയറാതെ ഭക്തർക്ക് നേരിട്ട് ദർശനം നടത്താം. പതിനെട്ടാംപടി കയറി കൊടിമരത്തിന്റെ ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര വഴി സോപാനത്ത് നേരിട്ട് എത്താവുന്ന തരത്തിലാണ് ക്രമീകരണം. ഇതിലൂടെ 30 സെക്കൻഡോളം അയ്യപ്പനെ ദർശിക്കാനാകും.

നിലവിൽ പതിനെട്ടാംപടി കയറി എത്തുന്ന ഭക്തർ ഇടത്തേക്കു തിരിഞ്ഞ് ഫ്ലൈഓവറിൽ ക്യൂ നിന്നാണ് സോപാനത്ത് എത്തുന്നത്. തിരക്കുള്ളപ്പോൾ രണ്ടോ മൂന്നോ സെക്കൻഡ് മാത്രമാണ് ദർശനം കിട്ടുക. ബലിക്കൽപുരയിൽ നിന്ന് അകത്തേക്കുകടന്ന് രണ്ടു ക്യൂവിലായി 50 പേർക്ക് ഒരേസമയം ദർശനം നടത്താവുന്ന രീതിയിലാണ് പുതിയ ക്രമീകരണം.

ക്യൂവിനെ വേർതിരിക്കുന്നത് ദീർഘ ചതുരാകൃതിയിലുള്ള കാണിക്കവഞ്ചി ഉപയോഗിച്ചാണ്. ഇതുമൂലം കാണിക്കപ്പണം നേരിട്ട് തിരുമുമ്പിൽ സമർപ്പിക്കാനാകും. ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവർക്ക് വടക്കേനടയിലൂടെ ക്യൂവിൽ പ്രവേശിച്ച് ദർശനം നടത്താം. അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ വഴിപാടുകൾ നടത്തുന്നവർക്ക് പ്രത്യേക ക്യൂവുണ്ടാകും.

14ന് വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി നടതുറക്കും. 19ന് രാത്രി 10ന് നട അടയ്ക്കും. വെർച്വൽ ക്യൂവഴിയും സ്‌പോട്ട് ബുക്കിംഗിലൂടെയും ദർശനം നടത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIAMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA