തിരുവനന്തപുരം: ഇന്നലെ വൈകുന്നേരത്തോടെയാണ് ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം സ്‌പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നും വിജിലൻസ് കണ്ടെടുത്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹായിയായ കാരേറ്റ് സ്വദേശി വാസുദേവന്റെ വീട്ടിലാണ് 2021മുതൽ പീഠം സൂക്ഷിച്ചിരുന്നത്. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ ഇത് സൂക്ഷിക്കാനാവില്ലെന്ന് ഉണ്ണിക്കൃഷ്‌ണനെ വാസുദേവൻ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 21നാണ് വാസുദേവൻ ഉണ്ണിക്കൃഷ്ണന്റെ സഹോദരി മിനി അന്തർജനത്തിന്റെ വീട്ടിൽ പീഠം എത്തിച്ചത്.
എന്നാൽ വാസുദേവൻ വീട്ടിലേക്ക് കൊണ്ടുവന്നത് വിവാദത്തിൽപ്പെട്ട പീഠമായിരുന്നുവെന്ന് അറിയില്ലെന്നാണ് അദ്ധ്യാപിക കൂടിയായ മിനി അന്തർജനം മാദ്ധ്യമങ്ങളോട് പറഞ്ഞത്. സഹോദരനോടൊപ്പമാണ് വാസുദേവൻ തന്റെ വീട്ടിലെത്തിയതെന്നും സീൽ ചെയ്ത പാക്കറ്റ് കൈവശമുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.
'ശബരമലയിലെ ഷീൽഡാണെന്നാണ് സഹോദരൻ എന്നോടുപറഞ്ഞത്. സാധാരണ അമ്പലത്തിലേക്കുളള സാധനങ്ങൾ ഇങ്ങനെ കൊണ്ടുവന്ന് സൂക്ഷിക്കാറുണ്ട്. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതലൊന്നും ചോദിച്ചില്ല. സീൽ ചെയ്ത പാക്കറ്റായിരുന്നു. വാസുദേവൻ തന്നെ തിരിച്ചെടുക്കാൻ വരുമെന്നാണ് പറഞ്ഞത്. ഇന്നലെ വൈകുന്നേരമാണ് വിജിലൻസ് വന്നത്. ഞങ്ങളുടെ മുന്നിൽ വച്ചാണ് വിജിലൻസ് പാക്കറ്റ് പൊട്ടിച്ചത്. വാസുദേവൻ പേടികൊണ്ടായിരിക്കും പുറത്തുപറയാതിരുന്നത്'- മിനി പറഞ്ഞു.
എന്നാൽ വാസുദേവൻ ആത്മഹത്യാഭീഷണി മുഴക്കിയാണ് പീഠം മകനെ തിരികെ ഏൽപ്പിച്ചതെന്ന് ഉണ്ണിക്കൃഷ്ണന്റെ അമ്മ സുഭദ്രാമ്മ വ്യക്തമാക്കി. 'ദ്വാരപാലക പീഠം വാസുദേവന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് ഉണ്ണിക്കൃഷ്ണന് അറിയില്ലായിരുന്നു. കോടതി ഇടപെടലുണ്ടായപ്പോൾ കഴിഞ്ഞ 21നാണ് വാസുദേവൻ പീഠം വീട്ടിലെത്തിച്ചത്. പീഠം ഏറ്റുവാങ്ങിയില്ലെങ്കിൽ വാസുദേവൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയായി മകൻ വീട്ടിലുണ്ടായിരുന്നു. പുതിയ പീഠം പണിത് ശബരിമലയിൽ എത്തിക്കാനിരിക്കെയല്ലേ വിവാദമായത്.
പീഠം വീട്ടിലെത്തിച്ചിട്ട് പത്ത് ദിവസമായി. സ്ട്രോംഗ് റൂമിൽ തന്നെ പീഠമുണ്ടായിരിക്കുമെന്നാണ് മകൻ കരുതിയത്. അതിനിടയിൽ വാസുദേവൻ വീട്ടിലെത്തിയപ്പോഴാണ് ഞാനും മകനും വിവരം അറിയുന്നത്. വാസുദേവനും മകളുമാണ് പീഠം വീട്ടിൽ കൊണ്ടുവന്നത്. പീഠം വീട്ടിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്നാണ് വാസുദേവൻ മകനോട് പറഞ്ഞത്. പീഠം ദേവസ്വം ബോർഡിന്റെ ഓഫീസിലെത്തിക്കാൻ മകൻ അയാളോട് പറഞ്ഞതാണ്. വാസുദേവൻ അതുസമ്മതിച്ചില്ല. തുടർന്ന് അയാൾ തന്നെയാണ് അലമാര തുറന്ന് പീഠം തിരികെവച്ചത്'- സുഭദ്രാമ്മ പറഞ്ഞു.
ഇന്നലെ വിജിലൻസ് കണ്ടെത്തിയ ദ്വാരപാലക പീഠം സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഇയാളുടെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോയത് കോടതി ചോദ്യം ചെയ്തിരുന്നു. 42 കിലോ തൂക്കമുണ്ടായിരുന്ന പാളികൾ സ്വർണംപൂശി തിരിച്ചെത്തിച്ചപ്പോൾ നാലുകിലോ കുറഞ്ഞതും വിവാദമാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |