പത്തനംതിട്ട /തിരുവനന്തപുരം: കാണാതായ ശബരിമലയിലെ ദ്വാരപാലക ശില്പ പീഠം സ്‌പോൺസർ ബംഗളൂരു വ്യവസായി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നു അത് കണ്ടെത്തിയതോടെ വിഷയത്തിൽ ദുരൂഹതയേറി. ദേവസ്വം ബോർഡിനെ സംശയത്തിലാക്കിയ ആരോപണത്തിലാണ് വഴിത്തിരിവ്. സ്വർണവും മറ്റു ലോഹങ്ങളുമടക്കം മൂന്നുപവനിൽ തീർത്ത പീഠം ഉണ്ണിക്കൃഷ്ണൻപോറ്റിയുടെ സഹോദരി മിനി അന്തർജനത്തിന്റെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാലിലുള്ള വീട്ടിൽ നിന്ന് ശനിയാഴ്ചയാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്. സ്ട്രോംഗ് റൂമിലേക്ക് മാറ്റി.
ഉണ്ണിക്കൃഷ്ണൻപോറ്റിയുടെ സ്പോൺസർഷിപ്പിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഇയാളുടെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോയത് കോടതി ചോദ്യം ചെയ്തിരുന്നു. 42 കിലോ തൂക്കമുണ്ടായിരുന്ന പാളികൾ സ്വർണംപൂശി തിരിച്ചെത്തിച്ചപ്പോൾ നാലുകിലോ കുറഞ്ഞതും വിവാദമായി.
ദ്വാരപാലക ശില്പങ്ങൾക്കു പുറമേ രണ്ട് പീഠംകൂടി നിർമ്മിച്ചു നിൽകിയിരുന്നുവെന്ന് ഉണ്ണിക്കൃഷ്ണൻപോറ്റി പറഞ്ഞിരുന്നു. അത് ബോർഡിന്റെ സ്ട്രോംഗ് റൂമിലുണ്ടെന്നും സൂചിപ്പിച്ചിരുന്നു. കണ്ടെത്താൻ ഹൈക്കോടതി നിർദ്ദേശിച്ചതോടെ വിജിലൻസ് ദേവസ്വം സ്ട്രോംഗ് റൂമുകളിൽ പരിശോധിച്ചു. ഉണ്ണിക്കൃഷ്ണൻപോറ്റിയെ ചോദ്യംചെയ്തു. ഇയാളുടെ തിരുവനന്തപുരത്തെയും ബംഗളൂരൂവിലെയും വീട്ടിൽ പരിശോധന നടത്തിയതോടെയാണ് സൂചന ലഭിച്ചത്.
ഉണ്ണിക്കൃഷ്ണൻപോറ്റിയുടെ സഹായിയായ കാരേറ്റ് സ്വദേശി വാസുദേവന്റെ വീട്ടിലാണ് 2021മുതൽ പീഠം സൂക്ഷിച്ചിരുന്നത്. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ ഇത് സൂക്ഷിക്കാനാവില്ലെന്ന് വാസുദേവൻ ഉണ്ണിക്കൃഷ്‌ണനെ അറിയിച്ചു. അതോടെ കഴിഞ്ഞ 21ന് സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. വിജിലൻസ് ഹൈക്കോടതിയിൽ നാളെ റിപ്പോർട്ട് നൽകും.
വഴിത്തിരിവായത് ഇ-മെയിൽ
ഏഴിന് സ്വർണപ്പാളികൾ ഇളക്കിയെടുത്ത് ചെന്നൈയിൽ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് നടപടിക്രമം പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. അവ തിരികെ എത്തിക്കാൻ കോടതി ഉത്തരവിട്ടു. അതിനിടെ ഉണ്ണികൃഷ്ണൻപോറ്റി ദേവസ്വം ബോർഡിന് അയച്ച ഇ-മെയിൽ സന്ദേശം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. സ്ട്രോംഗ് റൂമിൽ രണ്ട് പീഠങ്ങൾകൂടി ഉണ്ടെന്നും അതുകൂടി കിട്ടിയാൽ കൂടുതൽ കനത്തിൽ സ്വർണം പൂശാമെന്നുമായിരുന്നു വാഗ്ദാനം. സ്ട്രോംഗ് റൂമിൽ പീഠം ഉണ്ടെന്ന് എങ്ങനെ അറിയാമെന്ന് കോടതി ചോദിച്ചപ്പോൾ ഇ-മെയിൽ തയ്യാറാക്കിയപ്പോഴുണ്ടായ പിഴവാണെന്ന ഉണ്ണികൃഷ്ണന്റെ മറുപടിയിൽ സംശയം തോന്നിയാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
അയ്യപ്പസംഗമത്തിന്റെ
ശോഭ കെടുത്താൻ?
1.അയ്യപ്പസംഗമത്തിന്റെ ശോഭ കെടുത്താൻ മനഃപൂർവമുണ്ടാക്കിയ വിവാദമാണ് ഇതെന്നാണ് ദേവസ്വം ബോർഡിന്റെ സംശയം
2.ഉണ്ണികൃഷ്ണൻപോറ്റിയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ വ്യക്തത വരുമെന്നും വിലയിരുത്തൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |