തിരുവനന്തപുരം: സ്ത്രീകൾക്ക് വഴികാട്ടിയാകുകയാണ് വുമൺ ഇൻ മെഡിസിൻ പുരസ്‌കാരം നേടിയ ഡോ. ആർ.എസ്. ജയശ്രീയുടെ ജീവിതം. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ ബയോഫോട്ടോണിക്‌സ് വിഭാഗം സീനിയർ സയന്റിസ്റ്റായ ജയശ്രീ ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളി. ഡോക്ടർമാർക്കും ബയോമെഡിക്കൽ സയന്റിസ്റ്റുകൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണൽ അക്കാഡമി ഒഫ് മെഡിക്കൽ സയൻസസ് നൽകുന്ന പുരസ്‌കാരമാണ് 62-ാം വയസിൽ ഡോ. ജയശ്രീയെ തേടിയെത്തിയത്.
വടക്കൻ പറവൂർ സ്വദേശിയായ ജയശ്രീ 45-ാം വയസിലാണ് ജോലിക്ക് കയറിയത്. മാലിയങ്കര എസ്.എൻ.എം കോളേജിൽ നിന്ന ഫിസിക്സിൽ ബിരുദവും കുസാറ്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കുസാറ്റിൽ പിഎച്ച്.ഡിക്ക് ചേർന്നെങ്കിലും വിവാഹാനന്തരം ഭർത്താവിന്റെ വീടായ തിരുവനന്തപുരം വഞ്ചിയൂരിലെത്തി. തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ പിഎച്ച്.ഡിക്ക് ചേർന്നു.
മക്കളുടെ കാര്യം നോക്കിയ ശേഷം രാത്രി വൈകിയായിരുന്നു പഠനം. തുടർന്ന് ഫിസിക്‌സിൽ പിഎച്ച്.ഡിയും പൂർത്തിയാക്കി. ഭർത്താവ് അഡ്വ. വി. അജകുമാർ ഹൈക്കോടതിയിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറാണ്. മക്കൾ: അഡ്വ. സിദ്ധാർത്ഥ് മേനോൻ, ഡോ. അരവിന്ദ് മേനോൻ, ഡോ. ജയ്‌വർദ്ധൻ മേനോൻ. രക്തത്തിലെ ബയോമാർക്കറുകളിൽ നിന്ന് അൽഷിമേഴ്സ് സാദ്ധ്യത കണ്ടെത്താനാകുന്ന ഉപകരണത്തിന്റെ ഗവേഷണ തിരക്കിലാണിപ്പോൾ ഡോ. ജയശ്രീ.
ബയോഫോട്ടോണിക്‌സിന്റെ അമരക്കാരി
2005ൽ കേന്ദ്രസർക്കാരിന്റെ വുമൺ ഇൻ സയൻസ് ഫെലോഷിപ്പ് ലഭിച്ചു
ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനിടെ 2006ൽ ശ്രീചിത്രയിൽ റേഡിയോളജി വിഭാഗത്തിൽ സയന്റിസ്റ്റായി.
2010ൽ ഓസ്ട്രേലിയലിലെ മൊണാഷ് യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നേടി
മടങ്ങിയത്തിയ ശേഷം ശ്രീചിത്രയിൽ ബയോഫോട്ടോണിക്‌സ് വിഭാഗത്തിന് തുടക്കമിട്ടു.
75-ാം റിപ്പബ്ലിക് ദിനത്തിൽ രാഷട്രപതി ഭവനിലേക്ക് അതിഥിയായി.
'കുട്ടിക്കാലം മുതൽ ഒരുലക്ഷ്യം വേണം. അതിനായുള്ള പരിശ്രമമാകണം തുടർന്നുള്ള ജീവിതം. ഒരുഘട്ടത്തിലും ഉപേക്ഷിക്കരുത്".
-ഡോ. ആർ.എസ്. ജയശ്രീ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |