
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ (ഡയമണ്ട് മണി ) പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി മണി ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകൻ എന്നയാളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങളടക്കം അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നാണ് വ്യവസായിയുടെ മൊഴി. ഇതിലെ സത്യാവസ്ഥ വ്യക്തമാകുന്നതിനാണ് ചോദ്യം ചെയ്യൽ.
ശബരിമലയ്‌ക്ക് പുറമേ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സ്വർണക്കടത്ത് സംഘം ലക്ഷ്യമിട്ടിരുന്നതായാണ് പ്രവാസി വ്യവസായിയുടെ മൊഴി. മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധമുള്ളവരാണെന്നും പ്രവാസി വ്യവസായിയുടെ മൊഴിയിൽ പറയുന്നുണ്ട്. വിഗ്രഹങ്ങൾ കടത്താനായി ഈ സംഘം പണവുമായി ഇപ്പോഴും കറങ്ങുന്നുണ്ടെന്നും വ്യവസായി വെളിപ്പെടുത്തി.
ഡി മണിയും സംഘവും 1000 കോടിയാണ് കേരളത്തിൽ ലക്ഷ്യമിട്ടതെന്നാണ് വിവരം. ഡി മണി പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങി. സ്വർണം ഉരുക്കിയെടുക്കുന്നതിനേക്കാൾ കൂടുതൽ വലിയ വിഗ്രഹ കടത്ത് ശബരിമലയിൽ നടന്നുവെന്നും വ്യവസായിയുടെ മൊഴിയിൽ പറയുന്നുണ്ട്. 2019 -20 കാലങ്ങളിൽ നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്‌തു കടത്ത് സംഘത്തിന് വിറ്റത്. ഡി മണിയാണ് ഇവ വാങ്ങിയത്. ഉണ്ണികൃഷ്‌ണൻ പോറ്റിയായിരുന്നു ഇടനിലക്കാരൻ. വിഗ്രഹങ്ങൾ കൊടുക്കാൻ നേതൃത്വം നൽകിയത് ശബരിമലയുടെ ഭരണച്ചുമതലയുള്ള ഒരു ഉന്നതനാണെന്നും മൊഴിയിലുണ്ട്.
2020 ഒക്‌ടോബർ 26ന് തിരുവനന്തപുരത്ത് വച്ചാണ് വിഗ്രഹക്കടത്തിലുള്ള പണക്കൈമാറ്റം നടന്നത്. ഡി മണിയും ഉണ്ണികൃഷ്‌ണൻ പോറ്റിയും ഉന്നതനും മാത്രമാണ് പണംകൈമാറിയ സമയത്ത് ഉണ്ടായിരുന്നതെന്നും മൊഴിയിൽ പറയുന്നു. ഇക്കാര്യങ്ങളെല്ലാം നേരിട്ട് അറിയാമെന്നും വ്യവസായി പറഞ്ഞു. എന്നാൽ, മൊഴി സത്യമാണോ എന്ന പരിശോധനയിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതുവരെയുള്ള അന്വേഷണത്തിൽ പഞ്ചലോഹ വിഗ്രഹങ്ങൾ നഷ്‌ടമായതായി വിവരം ലഭിച്ചിരുന്നില്ല.
അതേസമയം, കേസിൽ സെൻട്രൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതിയിലെ ഹർജിയിൽ കോടതി സർക്കാരിനോട് നിലപാട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള മറുപടി തയ്യാറാക്കാനും പ്രത്യേക സംഘം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |