തിരുവനന്തപുരം: ഇരുപത്തിയഞ്ച് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കി വിദ്യാഭ്യാസകലണ്ടർ. 220 അദ്ധ്യയനദിനങ്ങളുമായി പുറത്തിറങ്ങിയ കലണ്ടറിനെതിരെ പ്രതിഷേധവുമായി അദ്ധ്യാപകർ സംഘടനകളും രംഗത്ത്.
കലണ്ടർ പ്രകാരം ജൂൺ 15, 22, 29, ജൂലായ് 20,27 ആഗസ്റ്റ് 17, 24, 31 സെപ്തംബർ 07, 28, ഒക്‌ടോബർ 05, 26, നവംബർ 2,16, 23, 30, ഡിസംബർ 07, ജനുവരി 04, 25, ഫെബ്രുവരി 01,15, 22 , മാർച്ച് 1, 15, 22 ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളായിരിക്കും.
220 അധ്യയന ദിനങ്ങൾ വേണമെന്ന കെ.ഇ.ആർ വ്യവസ്ഥ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ കോടതിയെ സമീപിച്ചിരുന്നു. നിയമപ്രകാരമുള്ള അധ്യയന ദിവസങ്ങൾ ഉറപ്പാക്കാൻ കോടതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശവും നൽകി. തുടർന്ന് കഴിഞ്ഞ 28ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് കോടതി നിർദേശം നടപ്പാക്കേണ്ടിവരുമെന്ന് അറിയിച്ചിരുന്നു. ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്നും 220 ദിവസം അംഗീകരിക്കില്ലെന്നുമായിരുന്നു സംഘടനകളുടെ നിലപാട്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എൽ.പി ക്ലാസുകളിൽ (ഒന്ന് മുതൽ അഞ്ച് വരെ) 800 , യു.പിയിൽ( ആറ് മുതൽ എട്ട് വരെ ) ആയിരം, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾക്ക് 1200 മണിക്കൂറായാണ് പ്രവൃത്തി സമയം ക്രമീകരിച്ചിട്ടുള്ളതെന്ന് അധ്യാപകസംഘടനകൾ വ്യക്തമാക്കുന്നു. കേരളത്തിലെ സ്‌കൂളുകൾ ദിവസം അഞ്ചുമണിക്കൂർ പ്രവർത്തന സമയമായതിൽ എൽ.പിയിൽ 160 ദിവസവും യു.പിയിൽ 200 ദിവസവും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകളിൽ 220 അധ്യയന ദിനങ്ങളുമാണ് ആവശ്യമായി വരുക. ഇക്കാര്യത്തിൽ സംഘടനകൾക്ക് കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയ മന്ത്രി ,220ദിവസം നടപ്പാക്കേണ്ടിവരുമെന്ന കർശന നിലപാടെടുത്തു. തുടർന്നാണ് കലണ്ടർ തയാറാക്കിയത്. യുക്തിക്ക് നിരക്കാത്ത കലണ്ടർ പരിഷ്കരണം അംഗീകരിക്കില്ലെന്ന് കെ.പി.എസ്.ടി.എയും എ.കെ.എസ്.ടി.യുവും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |