
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കുള്ള ക്രിസ്മസ് അവധി വീണ്ടും പുനഃക്രമീകരിച്ച് സര്‍ക്കാര്‍. സ്‌കൂളുകള്‍ ക്രിസ്മസ് അവധിക്കാലത്തിനായി അടയ്ക്കുന്നത് ഒരു ദിവസം കൂടി നീട്ടിയിരുന്നു. ഇതില്‍ മാറ്റം വരുത്തിയത് പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.. നേരത്തെ ഡിസംബര്‍ 23ന് സ്‌കൂളുകള്‍ അടയ്ക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പുനഃക്രമീകരണത്തില്‍ സ്‌കൂളുകള്‍ ഡിസംബര്‍ 24ന് അടയ്ക്കുമെന്നാണ് പിന്നീട് തീരുമാനിച്ചത്. ഇതില്‍ വീണ്ടും മാറ്റം വരുത്തി ഡിസംബര്‍ 23ന് തന്നെ സ്‌കൂളുകള്‍ അടയ്ക്കാനാണ് അന്തിമ തീരുമാനം.
2025 ഡിസംബര്‍ 24 മുതല്‍ 2026 ജനുവരി നാല് വരെയാകും അവധിക്കാലം. 2026 ജനുവരി അഞ്ചിന് സ്‌കൂളുകള്‍ തുറക്കും. അതായത് 12 ദിവസമായിരിക്കും ആകെ അവധി ദിനങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്ക്കുന്ന തീയതി 23ല്‍ നിന്ന് 24 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ ആശയക്കുഴപ്പമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ആദ്യം തീരുമാനിച്ചിരുന്ന നിലയിലേക്ക് അവധി നല്‍കാന്‍ വീണ്ടും തീരുമാനിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും വോട്ടെണ്ണല്‍ ദിനത്തിലെ അവധിയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തി ദിവസം നഷ്ടപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് 23ന് പകരം 24ന് സ്‌കൂള്‍ അടച്ചാല്‍ മതിയെന്ന മാറ്റം ആലോചിച്ചത്. എന്നാല്‍ ഇത് നാട്ടില്‍ നിന്ന് മാറി ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. അതുപോലെ തന്നെ അവധിക്കാലം ആരംഭിക്കുന്നത് കണക്കിലെടുത്ത് ട്രെയിന്‍ ടിക്കറ്റുകളും പലരും ബുക്ക് ചെയ്തിരുന്നു.
ക്രിസ്മസ് തലേന്ന് പള്ളികളിലും മറ്റും പ്രത്യേക ആരാധനകളും ഉണ്ടാകും. അന്നേ ദിവസം വൈകുന്നേരം മാത്രം സ്‌കൂളുകള്‍ അടച്ചാല്‍ അത് വിശ്വാസികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും, പ്രത്യേകിച്ച് ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്. മൊത്തത്തിലുള്ള ഈ സാഹചര്യം കണക്കിലെടുത്താണ് അവധി ദിനങ്ങള്‍ സര്‍ക്കാര്‍ മാറ്റി നിശ്ചയിച്ചിരിക്കുന്നത്.
സ്‌കൂളുകള്‍ അടയ്ക്കുന്ന ദിവസം - 2025 ഡിസംബര്‍ 23
അവധിക്കാലം ആരംഭിക്കുന്നത് - 2025 ഡിസംബര്‍ 24
അവധിക്കാലം അവസാനിക്കുന്നത് - 2026 ജനുവരി 4
സ്‌കൂള്‍ തുറക്കുന്നത് - 2026 ജനുവരി 5
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |