കോഴിക്കോട്: അമ്പായത്തോടിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ്‌കട്ട് കോഴിയറവ് മാലിന്യസംസ്‌കരണ പ്ളാന്റിനെതിരായ സമരം അക്രമാസക്തമായതിന് പിന്നിൽ എസ്‌ഡിപിഐയെന്ന് സിപിഎം. അറവുമാലിന്യ സംസ്‌കരണ പ്ളാന്റിനെതിരെ ജനകീയ പ്രതിഷേധത്തിൽ നുഴഞ്ഞുകയറി കലാപമുണ്ടാക്കിയവർക്കെതിരെ സമഗ്രാന്വേഷണം നടത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടത്. എസ്‌ഡിപിഐ അക്രമികൾ നുഴഞ്ഞ്‌കയറി കലാപം അഴിച്ചുവിടുകയായിരുന്നുവെന്ന് സിപിഎം ആരോപിക്കുന്നു.
'ഇറച്ചിപ്പാറയിലെ ഫ്രഷ്‌കട്ട് അറവ്‌മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ ദുർഗന്ധംകൊണ്ട് പൊറുതിമുട്ടിയ സമീപവാസികളായ ജനങ്ങൾ ദീർഘനാളായി സമരത്തിലാണ്. ജനങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്. പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ നടപടിയുണ്ടാകണം. ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ്‌കട്ട് അറവ്മാലിന്യ പ്ളാന്റിനെതിരെ സമരങ്ങൾ ശക്തവും സമാധാനപരവുമായിരുന്നു. ജനങ്ങളുടെ നിഷ്‌കളങ്കത മറയാക്കി ചൊവ്വാഴ്‌ച സമരത്തിൽ മുൻകൂട്ടി തീരുമാനിച്ചപ്രകാരം എസ്ഡിപിഐ അക്രമികൾ നുഴഞ്ഞുകയറി കലാപം അഴിച്ചുവിടുകയായിരുന്നു.
നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും പൊലീസിനെ ആക്രമിക്കുകയും സ്വത്ത്‌വകകൾ നശിപ്പിക്കുകയും ചെയ്‌തത് പരിശീലനം ലഭിച്ച ജില്ലയ്‌ക്ക് പുറത്തുനിന്നുപോലും എത്തിച്ചേർന്ന എസ്‌ഡിപിഐ ക്രിമിനലുകളാണ്. നിരപരാധികളായ ജനങ്ങളെ മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം' സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |