
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് പിണറായി മത്സരിക്കുമെന്ന കാര്യം അദ്ദേഹം ഉറപ്പിച്ചുപറഞ്ഞത്. പാർട്ടിയിലെ രണ്ടുടേം വ്യവസ്ഥ ഇരുമ്പുലക്കയല്ലെന്നും അനിവാര്യഘട്ടങ്ങളിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ ഇത്തവണയും മത്സരിക്കില്ലെന്ന് ബാലൻ വ്യക്തമാക്കി.
'പിണറായി മത്സരിക്കുന്നത് എൽഡിഎഫിന് ഗുണംചെയ്യും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നയാൾ അടുത്ത മുഖ്യമന്ത്രിയാകും. അടുത്ത തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും. അബോർട്ട് ചെയ്യാൻപോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോ?.ഫലം വരുമ്പോൾ കോൺഗ്രസ് പൂർണമായും അബോർട്ട് ചെയ്യപ്പെടും. നൂറിലധികം സീറ്റെന്ന യുഡിഎഫിന്റെ മോഹം മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. അത്ഭുതങ്ങൾ കാണിച്ച സർക്കാരാണ് രണ്ടാം പിണറായി സർക്കാർ. അതിനാൽത്തന്നെ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്താേടെ വീണ്ടും അധികാരത്തിലെത്തും' - ബാലൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചു എന്ന ആരോപണത്തെയും ബാലൻ എതിർത്തു. 'വെള്ളാപ്പള്ളി വിമർശിക്കുന്നത് ലീഗിനെയാണ്. അതിൽ എന്താണ് തെറ്റ്. സിപിഐയും വെള്ളാപ്പള്ളിയുമായുള്ള തർക്കം അവരുടെ കാര്യമാണ്. സ്വർണക്കൊള്ള വിഷയം തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ല. പോറ്റിയെക്കണ്ടേ, സോണിയ കണ്ടു എന്നുപാടാൻ അവരുടെ നാവെന്താ പൊന്താത്തത്'- ബാലൻ ചോദിച്ചു.
പിണറായി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നേരത്തേ പ്രഖ്യാപിക്കുന്ന രീതി സിപിഎമ്മിലില്ല. വിജയസാദ്ധ്യത പരിഗണിച്ചാവും എൽഡിഎഫ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |