ശിവഗിരി : മദ്ധ്യവേനൽ അവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ മുന്നോടിയായി ശിവഗിരിയിൽ ദർശനത്തിനെത്തുന്ന
വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധന. വിവിധ സംഘടനകളുടെയും എസ്.എൻ.ഡി.പി യോഗം ശാഖകളുടെയും ബാലവേദികളുടെയും ഗുരുധർമ്മ പ്രചരണ സഭയുടെ കീഴിലുള്ള ബാലസഭകളുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾ ശിവഗിരിയിലെത്തുന്നു.
വിദ്യാദേവത ശ്രീശാരദാസന്നിധിയിൽ എത്തുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രസാദമായി ലഭിക്കുന്ന പേന സ്വീകരിച്ച്, വെദിക മഠത്തിലും മഹാസമാധിയിലും ദർശനവും പ്രാർത്ഥനയും നടത്തുന്നു. ഗുരുദേവ റിക്ഷാമണ്ഡപത്തിലും ബോധാനന്ദസ്വാമി സമാധിപീഠത്തിലുമുൾപ്പെടെ ദർശനം നടത്തിയ വിദ്യാർത്ഥികൾക്ക് സന്യാസി ശ്രേഷ്ഠർ പ്രാർത്ഥനയും ഗുരുദർശനവും പകർന്നു നൽകി. സ്കൂൾ തുറക്കുന്ന ജൂൺ രണ്ടുവരെ ശിവഗിരിയിൽ വർദ്ധിച്ച തോതിൽ വിദ്യാർത്ഥി സാന്നിദ്ധ്യമുണ്ടാകും. ഇന്നലെ കോട്ടയം ചെങ്ങളം എസ്.എൻ.ഡി.പി യോഗം ശാഖയിൽ നിന്നും വില്ലൂന്നി ശാഖയിൽ നിന്നും ഭാരവാഹികൾക്കൊപ്പം എത്തിയ വിദ്യാർത്ഥികൾക്കായി ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |