ശിവഗിരി : ഡൽഹി വിജ്ഞാൻ ഭവനിൽ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന ഗുരുദേവ-ഗാന്ധിജി സമാഗമശതാബ്ദി സമ്മേളനത്തിൽ പങ്കെടുക്കുന്ന സന്യാസി ശ്രേഷ്ഠരും രാജ്യത്തിന്റെ നാനാഭാഗത്തു നിന്നുള്ള ഗുരുദേവ ഭക്തരും ശിവഗിരി ബന്ധുക്കളും ഇന്ന് വൈകിട്ടോടെ ഡൽഹിയിൽ എത്തിച്ചേരും.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഡൽഹിയിൽ ആവശ്യമായ ക്രമീകരണങ്ങളായി. വിവിധ കമ്മിറ്റികളുടെ പ്രവർത്തന വിലയിരുത്തലുകളും നടന്നു. ഡൽഹിയിലെ എല്ലാ സംഘടനകളും സമ്മേളന വിജയത്തിന് വേണ്ടി വിശ്രമരഹിത പ്രവർത്തനങ്ങളിലാണ്.
പ്രതിനിധികൾക്ക് സമ്മേളനത്തിൽ സംബന്ധിക്കുന്നതിനുള്ള പ്രത്യേക പാസുകൾ സംഘാടക കമ്മിറ്റിയിൽ നിന്നും ലഭിക്കും. ശിവഗിരി മഠത്തിൽ നിന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ നേതൃത്വത്തിൽ സന്യാസിമാർ ഇന്ന് ഡൽഹിയിലെത്തും. മുംബൈ, അഹമ്മദാബാദ്, പൂനെ, ചെന്നൈ, ബാംഗ്ലൂർ, ഭോപ്പാൽ, സെക്കന്തരാബാദ്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പ്രവർത്തകരും എത്തിച്ചേരും. ഡൽഹി സമ്മേളനത്തെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്മേളനങ്ങൾ നടത്തുമെന്നും അവിടങ്ങളിലുള്ള ഗുരുദേവ പ്രസ്ഥാനങ്ങൾ നേതൃത്വപരമായ ചുമതല നിറവേറ്റുമെന്നും സ്വാമി സച്ചിദാനന്ദ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |