
ശിവഗിരി: ആത്മീയതയുടെയും യുക്തിവാദത്തിന്റെയും സമന്വയമായ ശ്രീനാരായണ ഗുരുവിനെ ഭാവിയിലേക്കുള്ള വഴികാട്ടിയായാണ് ലോകം വിലയിരുത്തുന്നതെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പറഞ്ഞു. 93-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
ഗുരു തന്റെ കാലത്തു മാത്രം ഒതുങ്ങിനിന്ന വിശുദ്ധനല്ല. സമൂഹത്തെ സേവിക്കുകയെന്നത് ആചാരങ്ങളെക്കാൾ വലുതാണെന്നും സഹജീവിസ്‌നേഹമാണ് ഭക്തിയുടെ പരമമായ രൂപമെന്നും ഗുരു തെളിയിച്ചു. കേരളം ലോകത്തിന് നൽകിയ മഹത്തായ സംഭാവനകൾ ആദി ശങ്കരാചാര്യരും ശ്രീനാരായണഗുരുവുമാണെന്നും അവരുടെ തത്ത്വചിന്തകൾ മനുഷ്യരാശിയെ ഇനിയും പ്രചോദിപ്പിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ശ്രീനാരായണഗുരു ഉന്നയിച്ച ശക്തമായ ഒരു ചോദ്യം സമൂഹത്തെ മാറ്റിമറിച്ചു. എന്തുകൊണ്ടാണ് ഒരു മനുഷ്യൻ മറ്റൊരുവനേക്കാൾ താഴ്ന്നവനായി പരിഗണിക്കപ്പെടുന്നത്? നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വിവേചനത്തെ പിടിച്ചുലച്ച വാക്കുകളിലൂടെ ഗുരു തന്നെ ആ അനീതിക്ക് ഉത്തരം നൽകി: 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്." യുക്തിയെ അടിയറവുവയ്ക്കാതെ വിശ്വാസത്തെ ഉയർത്തിപ്പിടിച്ച ഗുരു അന്ധവിശ്വാസങ്ങളെ നിരാകരിച്ചു. യുക്തിസ്സഹമായ ചോദ്യങ്ങളെ സ്വാഗതം ചെയ്തു. വിദ്യാഭ്യാസം,ശുചിത്വം,സംഘടന,തൊഴിൽ,ആത്മാഭിമാനം എന്നിവയിലൂടെ പുതിയ സമൂഹരചനയ്ക്കായി അദ്ദേഹം വിഭാവനം ചെയ്ത ശിവഗിരിതീർത്ഥാടനം യുവതലമുറയ്ക്ക് പ്രചോദനമാകണം.
ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്,സമത്വം,സാഹോദര്യം,നീതി എന്നീ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഉപരാഷ്ട്രപതി യുവാക്കളോട് ആഹ്വാനം ചെയ്തു. ഇന്ത്യയിൽ തീർത്ഥാടനം വിനോദസഞ്ചാരമല്ലെന്നും അത് പരിവർത്തനമാണെന്നും നിരീക്ഷിച്ച ഉപരാഷ്ട്രപതി,ശിവഗിരി തീർത്ഥാടനം മഹത്തായ ജീവിതരീതിയാണെന്നും വ്യക്തമാക്കി.
മഹാസമാധിയിൽ പ്രാർത്ഥിച്ച് ഉപരാഷ്ട്രപതി
ശിവഗിരി മഠത്തിലെത്തിയ ഉപരാഷ്ട്രപതി മഹാസമാധിയിൽ പ്രാർത്ഥിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ചടങ്ങിൽ ശശി തരൂർ എം.പി രചിച്ച ദി സേജ് ഹു റീ ഇമാജിൻഡ് ഹിന്ദുയിസം: ദി ലൈഫ്, ലെസൻസ് ആൻഡ് ലെഗസി ഒഫ് ശ്രീനാരായണ ഗുരു, സ്വാമി സച്ചിദാനന്ദ രചിച്ച ശ്രീനാരായണ ഗുരുദേവ ദിവ്യ ലീലാമൃതം, കേരള സർവകലാശാല തയ്യാറാക്കിയ 'നാം അറിവാകുന്നു", പ്രൊഫ. പ്രകാശ് ദിവാകരൻ, ഡോ. സുരേഷ് കുമാർ മധുസൂദനൻ എന്നിവർ രചിച്ച എംപവറിംഗ് മൈൻഡ്സ് ആൻഡ് ട്രാൻസ്‌ഫോമിംഗ് ലൈവ്സ് എന്നീ പുസ്തകങ്ങൾ ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു.
ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായിരുന്നു. ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ്, ശശി തരൂർ എം.പി, ശ്രീനാരായണ ധർമ്മ സംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ശിവഗിരി തീർത്ഥാടനസമിതി സെക്രട്ടറി സ്വാമി ശാരദാനന്ദ,സോഹോ കോർപ്പറേഷൻ സി.ഇ.ഒ ശ്രീധർവെമ്പു, ശിവഗിരി തീർത്ഥാടനസമിതി ചെയർമാൻ ഡോ.എ.വി.അനൂപ്,ബഹറിനിലെ വ്യവസായി കെ.ജി.ബാബുരാജൻ എന്നിവർ പങ്കെടുത്തു.സ്വാമി വിശാലാനന്ദ പ്രാർത്ഥന ചൊല്ലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |