SignIn
Kerala Kaumudi Online
Saturday, 02 May 2026 4.07 PM IST

ശബരിമല തീർത്ഥാടകരുടെ ബസ് വൺവേ തെറ്റിച്ചത് ചോദ്യം ചെയ്‌തു; തൃശൂരിൽ സ്‌പെഷ്യൽ പൊലീസ് ഓഫീസർക്ക് മർദനം

Increase Font Size Decrease Font Size Print Page
hareesh

തൃശൂർ: ഗുരുവായൂരിൽ വൺവേ തെറ്റിച്ചത് ചോദ്യംചെയ്‌‌ത സ്‌പെഷ്യൽ പൊലീസ് ഓഫീസർക്ക് ക്രൂരമർദനം. വട്ടേക്കാട് സ്വദേശി കോന്നേടത്ത് ഹരീഷിനാണ് മർദനമേറ്റത്. മഞ്ജുളാൽ ജംഗ്‌ഷനിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

തമിഴ്‌നാട്ടിൽ നിന്നും ശബരിമല ദർശനം കഴിഞ്ഞ് വരികയായിരുന്ന സംഘം സഞ്ചരിച്ച ബസ് മേൽപ്പാലമിറങ്ങി ഇടത്തോട്ട് തിരിയുന്നതിന് പകരം വലത്തോട്ട് തിരിയുകയായിരുന്നു. ഇടത്തോട്ട് തിരിയാൻ ഹരീഷ് നിർദേശം നൽകിയെങ്കിലും ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഹരീഷ് പുറകേയെത്തി കൈകൊണ്ട് ബസിൽ അടിച്ചു. ബസിന്റെ ഇടത് ഭാഗത്തുള്ള ക്വാർട്ടർ ഗ്ലാസ് പൊട്ടി ഹരീഷിന്റെ കൈക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ ബസിൽ നിന്ന് പുറത്തിറങ്ങിയ തമിഴ്‌നാട് സ്വദേശികളും ബസ് ജീവനക്കാരും ഹരീഷിനെ മർദിക്കുകയായിരുന്നു. പരിക്കേറ്റ ഹരീഷിനെ ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ബസ് ഗുരുവായൂ‌ർ ടെമ്പിൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തേ ശബരിമല തീർത്ഥാടന പാതയിൽ ഗതാഗത സുരക്ഷയ്‌ക്കായ് നിയോഗിക്കപ്പെട്ട വനിതാ പൊലീസ് സ്‌പെഷ്യൽ ഓഫീസറെ മർദിച്ച യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കിളിക്കൊല്ലൂർ കല്ലുംതാഴം നന്ദു ഭവനിൽ നന്ദു (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 11 മണിയോടെയായിരുന്നു സംഭവം. ടി ബി ജംഗ്ഷനിൽ ഡ്യൂട്ടി നോക്കിയിരുന്ന വനിതാ സ്പെഷ്യൽ ഓഫീസർ വിശ്രമിക്കുന്നതിനായി തൂക്കുപാലത്തിന് മുൻവശത്തുള്ള ഫുട്‌പാത്തിന്റെ വശത്ത് ഇരിക്കുമ്പോഴായിരുന്നു മർദ്ദിച്ചത്. വലിയ പാലം വഴി കടന്നുവന്ന നന്ദു സ്പെഷ്യൽ ഓഫീസറെ മുടിയിൽ പിടിച്ചു വലിക്കുകയും പിടിച്ച് തള്ളുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുനലൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

TAGS: SABARIMALA, BUS, ATTACK, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY