
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽ.ഡി.എഫിന് നല്ല സാദ്ധ്യത ഉറപ്പിക്കുന്ന സർവെ ഫലമാണ് പുറത്തുവന്നിട്ടുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ പിണറായി തന്നെയെന്നാണ് സർവെയിൽ വ്യക്തമാവുന്നത്. എൽ.ഡി.എഫിന്റെ സാദ്ധ്യതയിൽ ഒരു ആശങ്കയുമില്ല. ഒരു സീറ്ര് പോലും ബി.ജെ.പിക്ക് കിട്ടില്ല. 14 സീറ്റുകൾ വരെയാണ് ബി.ജെ.പിക്ക് ചില സർവെകൾ പ്രവചിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഈ വിവരശേഖരണമെന്ന് വ്യക്തമാവുന്നില്ല.
കേരളത്തിൽ ഇടത് മുന്നണി അധികാരത്തിൽ വരുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഫലങ്ങളാണ് വന്നിരിക്കുന്നത്. 60 മുതൽ 69 വരെ സീറ്റുകളാണ് കാണിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്താണ് ഇത്. ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരും.
എക്സിറ്റ് പോളുകൾ ശരിയാകണമെന്നില്ല : വാസവൻ
കോട്ടയം : എക്സിറ്റ് പോളുകൾ ശരിയാകണമെന്നില്ലെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പലപ്പോഴും ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കും. എക്സിറ്റ് പോൾ ശരിയായിരുന്നെങ്കിൽ പല എൽ.ഡി.എഫ് എം.എൽ.എമാരും വിജയിക്കില്ലായിരുന്നു. മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി നടത്തുകയാണ് യു.ഡി.എഫ് നേതാക്കൾ. വോട്ട് ചെയ്തത് അബദ്ധമായി പോയോ എന്ന് പല ആളുകളും പറയുന്നു. ചക്രവർത്തിയാകുന്നത് ആർക്കും സ്വപ്നം കാണാം. അവർ അത് കണ്ടോട്ടെ. പാലായിലടക്കം മദ്ധ്യകേരളത്തിൽ എൽ.ഡി.എഫ് വലിയ മുന്നേറ്റം ഉണ്ടാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |