
ന്യൂഡൽഹി: ജനുവരി 26ന് രാജ്യം 77ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഓപ്പറേഷൻ സിന്ദൂറിലെ തിളക്കമാർന്ന വിജയം എടുത്തുകാട്ടും. പാക് ഭീകരതയ്‌ക്കെതിരെ നടത്തിയ ഓപ്പറേഷനിൽ പങ്കെടുത്ത റാഫേൽ,സുഖോയ്,മിഗ്,ജാഗ്വാർ യുദ്ധവിമാനങ്ങൾ രാജ്യതലസ്ഥാനത്തിന്റെ ആകാശത്ത് ഫ്ലൈപാസ്റ്റ് നടത്തും. വന്ദേമാതരത്തിന്റെ 70ാം വാർഷികവുമായി ബന്ധപ്പെട്ട ഛായാചിത്രങ്ങളും പുഷ്‌പാലങ്കാരവും കർത്തവ്യപഥിൽ ഇടംപിടിക്കും. തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ അടക്കം പ്രദർശിപ്പിക്കും. ബ്രഹ്‌മോസ് -ആകാശ് മിസൈൽ സിസ്റ്റം,മീഡിയം റേഞ്ച് സർഫസ് ടു എയർ മിസൈൽ(എം.ആർ.എസ്.എ.എം) സിസ്റ്റം,അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലെറി ഗൺ സിസ്റ്റം,ധനുഷ് ആർട്ടിലെറി ഗൺ,ഡ്രോണുകൾ തുടങ്ങിയവ രാജവീഥിയിലൂടെ നീങ്ങും.
ഇന്ന് കർത്തവ്യപഥിൽ ഫുൾ ഡ്രസ് റിഹേഴ്സൽ നടക്കും.
വി.വി.ഐ.പി മാറും!
അതിഥികൾ ഇരിക്കുന്ന ഇടങ്ങളിൽ വി.വി.ഐ.പി, വി.ഐ.പി തുടങ്ങിയ ലേബലുകൾ ഇത്തവണയുണ്ടാകില്ല. പകരം പെരിയാർ,ബ്രഹ്‌മപുത്ര,സിന്ധു,സത്‌ലജ്,ചെനാബ്,ഗംഗ,യമുന തുടങ്ങിയ നദികളുടെ പേരുകൾ നൽകും.
കേരളത്തിന്റെ നിശ്ചലദൃശ്യവും
കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ ഇത്തവണ കർത്തവ്യപഥിൽ ഒഴുകിനീങ്ങും. 100% ഡിജിറ്റൽ സാക്ഷരതാ നേട്ടവും, കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളത്തിന്റേത്. രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് കേരളത്തിന്റെ ഫ്ലോട്ടിന് എൻട്രി ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |