
റിഫൈനറികൾ ഉത്പാദനം കൂട്ടുന്നു
കൊച്ചി: അമേരിക്കയും ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ ഇന്ധന പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ പുതുതന്ത്രങ്ങൾ തേടുന്നു. നിലവിൽ പെട്രോൾ, ഡീസൽ, ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകം, വിമാന ഇന്ധനം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താനാണ് സർക്കാരിന്റെ ശ്രമം. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 20 ശതമാനവും കടന്നുവരുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് നിലവിൽ പ്രതിസന്ധിയുടെ വ്യാപ്തി വർദ്ധിപ്പിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് അഞ്ച് ദിവസത്തിനുള്ളിൽ ക്രൂഡോയിൽ, പ്രകൃതി വാതകം എന്നിവ എത്തുന്ന ഹോർമുസ് അടച്ചതോടെ മറ്റ് വിപണികളിൽ നിന്ന് ഇന്ധനം വാങ്ങാൻ ഇന്ത്യ നടപടി ശക്തമാക്കി.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എൽ.പി.ജി ഉത്പാദനം പത്ത് ശതമാനം റിഫൈനറികൾ വർദ്ധിപ്പിച്ചു. നിലവിൽ പ്രതിദിനം 60 ലക്ഷം എൽ.പി.ജി സിലിണ്ടറുകളാണ് കമ്പനികൾ വിതരണം ചെയ്യുന്നത്. ഗൾഫ് ഇതര വിപണികളിൽ നിന്ന് അടുത്ത ദിവസങ്ങളിൽ കൂടുതൽ എൽ.എൻ.ജി, എൽ.പി.ജി വെസലുകൾ ഇന്ത്യയിലെത്തും. നേരത്തെ 40 വെരി ലാർജ് ക്രൂഡ് കാരിയറുകളുടെ കുറവാണുണ്ടായിരുന്നത്. ഇതിൽ പകുതി ചരക്കുമായി വെസലുകൾ പുറപ്പെട്ടെന്ന് പെട്രോളിയം മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു.
ക്രൂഡോയിൽ ശേഖരം മെച്ചപ്പെടുന്നു
ഇന്ത്യയുടെ ക്രൂഡോയിൽ ശേഖരം മെച്ചപ്പെടുകയാണെന്ന് പൊതുമേഖല കമ്പനികൾ പറയുന്നു. രാജ്യത്തെ റിഫൈനറികൾ പൂർണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്. സംസ്കരിച്ച പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി നിറുത്തില്ല. ഹോർമുസ് ഇതര മേഖലകളിൽ നിന്നുള്ള വാങ്ങൽ 70 ശതമാനമായി ഉയർന്നു. എത്ത് ദിവസം മുൻപ് 55 ശതമാനം മാത്രമായിരുന്നു.
എണ്ണ വില കുറയുന്നു
ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞു. തിങ്കളാഴ്ച ഒരവസരത്തിൽ 120 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ 90 ഡോളറിന് താഴെയെത്തി. ജി7 രാജ്യങ്ങൾ അധിക എണ്ണ വിപണിയിലെത്തിച്ചതും വില സമ്മർദ്ദം കുറച്ചു.
വിപണി നിയന്ത്രണങ്ങൾ
1. ഗാർഹിക എൽ.പി.ജി ബുക്കിംഗ് കാലാവധി 25 ദിവസമായി ഉയർത്തി
2. റിഫൈനറികളിൽ ഉത്പാദിപ്പിക്കുന്ന എൽ.പി.ജി ആഭ്യന്തര വിപണിയിലെത്തിക്കണം
3. ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധനയിലൂടെ ഉപഭോഗ നിയന്ത്രണം
4. അവശ്യ സേവന മേഖലകൾക്കൊഴികെ വാണിജ്യ എൽ.പി.ജി വിതരണം നിറുത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |