പൊലീസ് അന്വേഷണം പിതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം/കോന്നി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ (25) മരണത്തിൽ ആൺ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യും. അതിനായി കൊച്ചി ഐ.ബി യൂണിറ്റിന് നോട്ടീസ് നൽകും. കൊച്ചിയിലെ ഐ. ബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷ് സാമ്പത്തികമായി മേഘയെ ചൂഷണം ചെയ്തിരുന്നതായി പിതാവ് മധുസൂദനൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മേഘയുടെ അക്കൗണ്ടിൽ 80 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 28ന് ലഭിച്ച ശമ്പളവും സുഹൃത്തായ സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. ഭക്ഷണം കഴിക്കാൻപോലും പണമില്ലെന്ന് കൂടെ ജോലി ചെയ്തിരുന്നവരോട് മേഘ പലപ്പോഴും പറഞ്ഞിരുന്നു. പലതവണ സുകാന്തിന് പണം ട്രാൻസ്ഫർ ചെയ്തിരുന്നതായി ബാങ്ക് സ്റ്റേറ്റ്മെന്റിൽ വ്യക്തമാണ്. ബാങ്ക് സ്റ്റേറ്റ്മെന്റ്, എ.ടി.എം കാർഡ് എന്നിവ മേഘയുടെ പിതാവ് പൊലീസിനു കൈമാറി.
പണം വീട്ടിലേക്ക് അയച്ചിരുന്നതായാണ് മേഘ സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്. എന്നാൽ, അച്ഛനും അമ്മയും പണം ആവശ്യപ്പെട്ടിരുന്നില്ല. മേഘയുടെ അക്കൗണ്ടിലേക്ക് ചെലവിനായി ചെറിയ തുകകൾ സുകാന്ത് ട്രാൻസ്ഫർ ചെയ്തിട്ടുമുണ്ട്. മേഘ അടുത്തകാലത്തായി അധികം ആരോടും സംസാരിക്കാറില്ലായിരുന്നെന്നും സഞ്ചയനത്തിന് വീട്ടിലെത്തിയ സഹപ്രവർത്തകരിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞതെന്നും പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 24നാണ് അതിരുങ്കൽ കാരയ്ക്കകുഴി പൂഴിക്കാട് വീട്ടിൽ മേഘയെ തിരുവനന്തപുരം ചാക്കയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നതുകണ്ട് പെട്ടെന്ന് ട്രാക്കിനുകുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റിന്റെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |